ഒടുവില്‍ ബഹിരാകാശ നിലയത്തില്‍ നിന്നും സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് പുറപ്പെട്ടു. ഡ്രാഗണ്‍ പേടകത്തിന്റെ അണ്‍ഡോക്കിങ്ങ് ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാണ് പേടകം ഭൂമിയിലേക്ക് പുറപ്പെട്ടത്. നാളെ പുലര്‍ച്ചെ മെക്‌സിക്കോ ഉള്‍ക്കടലിലാണ് പേടകം ലാന്‍ഡ് ചെയ്യുന്നത്.
9 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് സുനിത വില്യംസും ബുച്ച് വില്‍മോറും അടങ്ങുന്ന ക്രൂ 9 ദൗത്യ സംഘം ഭൂമിയലേക്ക് മടങ്ങുന്നത്. ഒരാഴ്ച്ചയ്ക്കായുള്ള ദൗത്യത്തിനായിരുന്നു അവര്‍ പുറപ്പെട്ടത്. എന്നാല്‍ പേടകത്തില്‍ ഹീലീയം ചോര്‍ച്ചയും, ത്രസ്റ്ററുകളുടെ തകരാറടക്കം കണ്ടെത്തിയതിനെ തുടര്‍ന്ന് ബഹിരാകാശ നിലയത്തില്‍ തുടരുകയായിരുനനു. സുനിതയുമായുള്ള യാത്രാപേടകം രാവിലെ പത്തരയോടെ ബഹിരാകാശ നിലയവുമായുള്ള (ഐഎസ്എസ്) ബന്ധം വേര്‍പെടുത്തി. ഐഎസ്എസുമായുള്ള ബന്ധം വേര്‍പെടുത്തുന്ന അണ്‍ഡോക്കിങ് വിജയമായതോടെ സുനിത ഉള്‍പ്പെടെ 4 യാത്രികര്‍ കയറിയ ഡ്രാഗണ്‍ പേടകം ഭൂമിയിലേക്കു യാത്ര ആരംഭിച്ചു.
ഡ്രാഗണ്‍ പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന ഡോച്ചിങ്ങും വിജയമായിരുന്നു. നാളെ പുലര്‍ച്ചെ 3.30ന് ഇവര്‍ ഭൂമിയില്‍ എത്തുമെന്നാണു നിഗമനം. ഭൂമിയിലെത്തുന്ന പേടകത്തില്‍ നിന്ന് പാരഷൂട്ടുകള്‍ വിടരുന്നതോടെ പേടകം സ്ഥിരവേഗം കൈവരിക്കും. അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്‌സിക്കോ ഉള്‍ക്കടലിലോ ആയിരിക്കും പതിക്കുക. പേടകം വീണ്ടെടുത്ത് യാത്രികരെ കരയിലേക്കു എത്തിക്കും. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോര്‍, നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരാണ് ഒപ്പമുള്ളത്.