സമീപകാല സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ രാജസ്ഥാന്‍, ചത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം, തെലുങ്കാന എന്നിവിടങ്ങളില്‍ ബി.ജെ.പി തകര്‍ന്നടിഞ്ഞത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രത്യേകിച്ച്, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഊര്‍ജ്ജം നല്‍കിയിരിക്കുകയാണ്.
ബി.ജെ.പിക്ക് പകരം വെയ്ക്കാന്‍ ഒന്നുമില്ല എന്ന് ബി.ജെ.പി വിമര്‍ശകര്‍ പോലും പറഞ്ഞിരുന്ന കാലഘട്ടത്തില്‍ നിന്നും 2019 പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം വിജയിക്കുമെന്ന തിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. പരാജയഭീതിയില്‍ നിന്നും ആത്മസംതൃപ്തി നല്‍കുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്ക് മാറിയിരിക്കുകയാണ്.
പല വിദഗ്ധരും ചോദിക്കുന്നത് 2003 ലെ അടല്‍ബിഹാരി വാജ്‌പേയി കാണിച്ച അബദ്ധം കോണ്‍ഗ്രസ് ആവര്‍ത്തിക്കുകയാണോ എന്നതാണ്. 2003ല്‍ ഇതേ സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ 2004ല്‍ നേരത്തെ പൊതു തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്യുകയും തോല്‍വിയിലേക്ക് എത്തിപ്പെടുകയും ചെയ്ത വാജ്‌പേയിയുടെ അബദ്ധം ഇപ്പോള്‍ കോണ്‍ഗ്രസ് ആവര്‍ത്തിക്കുമോ എന്നതാണ്. ഇതൊരു ആശ്വാസ്യമായ ചിന്തയാണോ?
അങ്ങനെയല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. വാഗ്ചാതുര്യവും മികച്ച രാഷ്ട്രീയകഴിവുകളും ഉണ്ടെങ്കിലും 2019 മെയ് അവസാനത്തോടെ നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കില്ല എന്ന് വിലയിരുത്തലിന് കാരണങ്ങള്‍ പലതാണ്.
പ്രധാനപ്പെട്ടതും ആദ്യത്തേതുമായ കാരണം, 2014 ലെ അവരുടെ തന്നെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഇരയായി മാറും ബി.ജെ.പി. വിവിധ സംസ്ഥാനങ്ങളില്‍ അവര്‍ നേടിയെടുത്ത വിജയം ഇത്തവണ ആവര്‍ത്തിക്കില്ല.
കഴിഞ്ഞതവണ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി 71 സീറ്റുകളില്‍ വിജയിച്ചിരുന്നു. (സഖ്യകക്ഷിയായ അപ്‌നാദളിന്റെ സീറ്റ് കൂട്ടാതെ). അത് മോദി തരംഗത്തിന്റെ ഉച്ഛസ്ഥായിയില്‍ ആയിരുന്നു. മോദിയെന്നത് ഗുജറാത്ത് എന്ന കമ്പനിയുടെ വളരെ കഴിവുള്ള സി.ഇ.ഒ ആണെന്നും തങ്ങളുടെ ഭാവിയില്‍ ഭാഗ്യവും യുവാക്കള്‍ക്ക് തൊഴിലവസരങ്ങളും കൊണ്ടുവരാന്‍ കഴിവുള്ളയാളുമാണെന്ന ധാരണ അവിടുത്തെ ജനങ്ങള്‍ക്കുണ്ടായിരുന്നു. കാണ്‍പൂരിലെയും വരണാസിയിലെയും യുവാക്കള്‍ അവര്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടതുപോലെ തൊഴിലവസരങ്ങള്‍ വന്നുചേരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരു വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ല. അസംതൃപ്തി പടര്‍ന്നു. തൊഴില്‍ ലഭിക്കുമെന്ന വിശ്വാസത്തില്‍ കഴിഞ്ഞ തവണ വോട്ട് ചെയ്ത ഒരു യുവാവും ഇനി ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല. അച്ഛേദിന്‍ വന്നില്ല. മോദി തരംഗം തീര്‍ന്നു.
2014ലെ പോലെ പ്രതിപക്ഷ വോട്ടുകള്‍ വിഭജിക്കപ്പെടില്ല. കഴിഞ്ഞതവണ മായാവതിയുടെ ബി.എസ്.പി നേടിയത് 19.6 ശതമാനം വോട്ടുകളായിരുന്നു ഒരുസീറ്റില്‍ പോലും വിജയിക്കാനും സാധിച്ചിരുന്നില്ല. അവരുടെ സ്വാധീനം സംസ്ഥാനമൊട്ടാകെ കുറയുകയും ചെയ്തു. പാര്‍ലമെന്റ് സീറ്റുകളിലൂടെ മാത്രമേ രാഷ്ട്രീയ സ്വാധീനം കൈവരികയുള്ളൂവെന്ന അറിവ് മായാവതിക്കുണ്ട്. അതുകൊണ്ടാണ് അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും അജിത് സിങിന്റെ രാഷ്ട്രീയ ലോക് ദളുമായി സഖ്യമുണ്ടാക്കിയത്. അത് യു.പിയില്‍ നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ പത്ത് ശതമാനം വോട്ടുകളുടെ പിന്തുണകൂടി ചേരുന്നതോടെ മഹാസഖ്യമായി മാറും (മാതൃപാര്‍ട്ടിയിലേക്ക് ചേരുന്നതിന്റെ ഗുണങ്ങള്‍ മറ്റ് പാര്‍ട്ടികള്‍ക്ക് ബോധ്യമായാല്‍) ഇതോടെ കണക്കുകളില്‍ അതിശക്തമായ മാറ്റങ്ങളായിരിക്കും പിന്നീട് സംഭവിക്കുക. പത്ത് സീറ്റെങ്കിലും വിജയിച്ചാല്‍ ബി.ജെ.പിയുടെ ഭാഗ്യമായി കണ്ടാല്‍ മതിയാകും.
ഹിന്ദി ഹൃദയഭൂമിയിലൂടെ സഞ്ചരിച്ചാല്‍ ബി.ജെ.പിയുടെ ദാരുണ ചിത്രം ബോധ്യമാകും. 2014 ല്‍ രാജസ്ഥാനിലെ 25 ലോക്‌സഭാ സീറ്റുകളും ഉത്തരഖണ്ഡില്‍ അഞ്ച് സീറ്റുകളും ദില്ലിയിലെ ഏഴും ഹിമാചല്‍ പ്രദേശിലെ ഏഴും മധ്യപ്രദേശിലെ 29 സീറ്റുകളിലെ 27 സീറ്റും, ഹരിയാനയിലെ പത്തില്‍ ഏഴ് സീറ്റും, ചത്തീസ്ഗഡില്‍ പതിനൊന്നില്‍ പത്തും ഝാര്‍ഖണ്ഡിലെ 14 ല്‍ 12 സീറ്റും തൂത്തുവാരിയിരുന്നു. ഇപ്പോള്‍ എത്ര അനുകൂല സാഹചര്യമുണ്ടായിലും ഇനിയും ആ വിജയം ആവര്‍ത്തിക്കുമെന്ന് ബി.ജെ.പിയുടെ കടുത്ത പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കുന്നില്ല. വാസ്തവത്തില്‍ ഈ സംസ്ഥാനങ്ങളിലെല്ലാം പ്രത്യക്ഷമായി തന്നെ ബി.ജെ.പി പ്രശ്‌നത്തിലാണെന്നതാണ്.
സമീപകാല അസംബ്ലി തെരഞ്ഞെടുപ്പ് ഫലത്തെ വെച്ചുനോക്കുമ്പോള്‍ ഈ സംസ്ഥാനങ്ങളിലെ മിക്കവാറും സീറ്റുകളിലും ബി.ജെ.പിക്ക് സീറ്റുകള്‍ നഷ്ടപ്പെടുമെന്ന് നിരീക്ഷകര്‍ കണക്കാക്കുന്നു. മധ്യപ്രദേശില്‍ ബി.ജെ.പിയുടെ സീറ്റ് പകുതിയായി കുറയും. എട്ട് സംസ്ഥാനങ്ങളിലെ 105 സീറ്റുകളില്‍ നിന്ന് 45 സീറ്റുകള്‍ നേടാനായാലും അത് ബി.ജെ.പിയുടെ അമിത ഭാഗ്യമായിരിക്കും. തെരഞ്ഞെടുപ്പ് വിദഗ്ധര്‍ ഇതിലും പകുതി സീറ്റുകള്‍ മാത്രമേ ബി.ജെ.പിക്ക് പ്രവചിക്കുന്നുള്ളൂ
ബി.ജെ.പിയുടെ മോശം വാര്‍ത്തകള്‍ അവിടെയും തീരുന്നില്ല. 2014 ല്‍ 40 സീറ്റില്‍ 22 സീറ്റും നേടിയ ബീഹാറില്‍ 12ലധികം നേടുമെന്ന പ്രതീക്ഷയില്ല. അതിനും ജെ.ഡിയുമായുള്ള സഖ്യത്തിന് നന്ദി പറയേണ്ടി വരും. ഗുജറാത്തില്‍ 26 സീറ്റ് നേടിയിരുന്നു 2014 ല്‍. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ തെരഞ്ഞെടുപ്പുഫലങ്ങള്‍ വിലയിരുത്തിയാല്‍ ഇതില്‍ പകുതി സീറ്റുകളും ഇത്തവണ നഷ്ടമാകും. 18ല്‍ 17 സീറ്റുകള്‍ നേടിയ കര്‍ണാടകയില്‍ ഏഴു സീറ്റുകളില്‍ പോലും 2019 ബി.ജെ.പിക്ക് പ്രതീക്ഷയില്ല. ഇതൊക്കെയും അപൂര്‍ണ്ണമായ കണക്കുകളാണ്. സോ കോള്‍ഡ് ‘ശാസ്ത്രീയ’ തെരഞ്ഞെടുപ്പു അവലോകനങ്ങളില്‍ നിന്ന് ഇത് വളരെ വ്യത്യസ്തമാകാന്‍ സാധ്യതയില്ലതാനും. എന്തായാലും ഈ കണക്കുകള്‍ അബദ്ധമായാല്‍ പോലും ശരിയായ കണക്കുകള്‍ ബി.ജെ.പിയോട് അനുഭാവപൂര്‍വ്വമാകില്ല. (ഉദാഹരണത്തിന് ബീഹാറില്‍ ഞാന്‍ 12 സീറ്റുകള്‍ പറയുമ്പോഴും ചിലര്‍ കോണ്‍ഗ്രസ് – ആര്‍.ജെ.ഡി സഖ്യം നിതീഷ്‌കുമാറിന്റെ അവസരവാദ രാഷ്ട്രീയത്തോടുള്ള വിരോധത്താല്‍ മുഴുവന്‍ സീറ്റുകളും തൂത്തുവാരുമെന്ന് കണക്കുകൂട്ടുന്നു)
2014 ലെ തെരഞ്ഞെടുപ്പില്‍ 282 സീറ്റുകളില്‍ 233 സീറ്റുകളും നേടിയ പ്രധാനപ്പെട്ട 12 സംസ്ഥാനങ്ങളിലും 150 സീറ്റുകളെങ്കിലും നഷ്ടമാകും. ബി.ജെ.പിയുടെ നഷ്ടം എവിടെയായിരിക്കും പ്രതിഫലിക്കുക?
അധ്യാപകര്‍ പറയുന്നതുപോലെ: കൂട്ടുകയും കിഴിക്കുകയും ചെയ്താലും കണക്കുകള്‍ നോക്കുക. അവരുടെ മുഴുവന്‍ സങ്കല്‍പ്പ സഖ്യത്തെയും സഖ്യം കൂടെകൂട്ടിയാലും ബി.ജെ.പി 145 സീറ്റുകളില്‍ അധികം രാജ്യത്ത് നേടില്ല. അതായത് ശിവസേന, അകാലിദള്‍, ജെ.ഡി (യു), കൂടുതല്‍ സങ്കല്‍പ്പിച്ചാല്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, തമിഴ്‌നാട്ടിലെ രജനികാന്ത് എ.ഐ.എ.ഡി.എം.കെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്താലും ഒരു മാറ്റത്തിന് ഉതകുന്ന സീറ്റുകള്‍ നേടാന്‍ ബി.ജെ.പിക്ക് ആകില്ല. ചുമരിലെ ചിത്രം വ്യക്തമാണ്: സ്വാഗതം 2019, വിട നരേന്ദ്രമോദി.
ഈ 2019 നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും പതനത്തിന്റെ വര്‍ഷമായിരിക്കും. കാരണങ്ങള്‍, കണക്കുകള്‍ എന്നിവ നിരത്തിയുള്ള ശശിതരൂരിന്റെ ലേഖനം. theprint.in ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചതിന്റെ മലയാളം പരിഭാഷ