സി.പി.എം-സി.ഐ.ടി.യു പ്രവര്‍ത്തകനായ അടുപ്പുട്ടി കൊമ്പന്‍ ബിജുവിന്റെ വീട്ടില്‍ നിന്ന് പോലീസ് റെയ്ഡില്‍ തോക്ക് വാളുകള്‍ തുടങ്ങി വന്‍ ആയുധ ശേഖരം കുന്നംകുളം പോലീസ് പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊമ്പന്‍ ബിജു കഞ്ചാവ് കേസിലും, പോലീസ് കസ്റ്റഡിയിലെ വാഹനങ്ങളില്‍ നിന്ന് മോഷണം നടത്തിയതിനും മുന്‍പ് അറസ്റ്റിലായിട്ടുണ്ട്. സി പി എം നേതൃത്വത്തിന്റെ അനുവാദത്തോടെ മേഖലയില്‍ ക്രിമിനലുകളെ വളര്‍ത്തി പലിശ മാഫിയ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയായിരുന്നു ഇയാളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുന്നംകുളം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കുന്നംകുളം സ്റ്റേഷന്‍ ക്രൈം 711/ 19 ആയി 27 ആംസ് ആക്ട്, മണി ലെന്റെഴ്സ് ആക്ട് എന്നീ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസ്സെടുത്തത്.
പലിശക്ക് പണം നല്‍കി ചെക്കും, പാസ്‌പോര്‍ട്ടും, വാഹനങ്ങളും തട്ടിയെടുത്ത് വധഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് പ്രവാസി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളുടെ വീട് പരിശോധിച്ചത്. ആറ് വാളുകള്‍, മൂര്‍ച്ചയേറിയ രണ്ട് കത്തികള്‍, ആണികള്‍ ഉറപ്പിച്ചു നിര്‍മിച്ച ഇരുമ്പുദണ്ഡ്, തോക്ക് (എയര്‍ഗണ്‍) എന്നിവയും രണ്ട് ആധാരങ്ങളും ഇവിടെനിന്നും പിടിച്ചെടുത്തു. നിയമവിരുദ്ധമായി മാരകായുധങ്ങള്‍ സൂക്ഷിച്ചതിനും പണമിടപാട് നടത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
എസ്.പി. ജി.എച്ച്. യതീഷ്ചന്ദ്രക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. എസ്.എച്ച്.ഒ. കെ.ജി. സുരേഷ്, എസ്.ഐ. യു.കെ. ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് പരിശോധനയ്ക്കുള്ള അനുമതി വാങ്ങിയിരുന്നു. വീട്ടില്‍ പല സ്ഥലങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ആധാരങ്ങള്‍ വാങ്ങി സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഒട്ടേറെ ക്രിമിനല്‍ക്കേസുകള്‍ ഇയാളുടെ പേരിലുണ്ട്. കഞ്ചാവ് വില്‍പ്പനക്കേസിലും പോലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങളില്‍നിന്ന് മോഷണം നടത്തിയതിനും മുമ്പ് അറസ്റ്റിലായിട്ടുണ്ട്. പലിശക്ക് പണംനല്‍കി ചെക്ക്, പാസ്‌പോര്‍ട്ട്, വാഹനങ്ങള്‍ എന്നിവ തട്ടിയെടുത്തതോടെയാണ് ഇയാളുടെ പേരില്‍ എസ്.പി.ക്ക് പരാതി നല്‍കിയത്. കുന്നംകുളത്ത് ബി.എം.എസ്. ചുമട്ടുതൊഴിലാളിയായിരുന്നു ബിജു. പിന്നീട് സി.ഐ.ടി.യു. തൊഴിലാളിയും സി.പി.എം. പ്രവര്‍ത്തകനുമായി.