‘സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റല്ല’ വിഡ്ഢി ദിനത്തില്‍ വനിതാ ശിശുവികസന വകുപ്പിന്‍റെ പോസ്റ്റ്; വിവാദമായതോടെ ഡിലീറ്റ് ചെയ്തു: ടൂറിസം വകുപ്പിനും പണികിട്ടി

Jaihind Webdesk
Saturday, April 1, 2023

 

തിരുവനന്തപുരം: വിഡ്ഢി ദിനത്തില്‍ പുലിവാല് പിടിച്ച് കേരള വനിതാ ശിശുവികസന വകുപ്പ്. വിഡ്ഢി ദിനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ വിവാദമായതോടെ പോസ്റ്റുകള്‍ പിന്‍വലിക്കേണ്ടിവന്നു. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റല്ല, ഭാര്യയെ നിലയ്ക്കുനിർത്താനായി ഭർത്താവിന് വേണമെങ്കില്‍ ബലപ്രയോഗം നടത്താം എന്നിങ്ങനെയായിരുന്നു പോസ്റ്റുകള്‍. വിഡ്ഢി ദിന പോസ്റ്റെന്ന രീതിയിലാണ് ഇട്ടതെങ്കിലും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കി. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വനിതാ ശിശുവികസന വകുപ്പ് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

‘സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റല്ല, ഭാര്യയെ നിലയ്ക്ക് നിര്‍ത്താന്‍ ഭര്‍ത്താവിന് ബലപ്രയോഗം നടത്താം, സ്ത്രീകള്‍ക്ക് കുറവ് വേതനം കൊടുക്കന്നതില്‍ തെറ്റില്ല, കല്യാണം കഴിഞ്ഞാല്‍ സ്ത്രീകള്‍ ജോലിക്ക് പോകരുത്’ എന്നിങ്ങനെയുള്ള എട്ട് പോസ്റ്ററുകളാണ് വനിതാ ശിശുവികസന വകുപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമങ്ങളെന്ന പേരില്‍ ചില ‘വിഡ്ഢി നിയമങ്ങള്‍’ പോസ്റ്റ് ചെയ്ത് അവസാനം ‘പറ്റിച്ചേ…’ എന്ന തമാശ പോസ്റ്ററും വനിതാ ശിശു വികസന വകുപ്പ് തങ്ങളുടെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത്തരം ധാരണകള്‍ ശരിയെന്ന് വിശ്വസിക്കുന്നവരാണ് യഥാര്‍ത്ഥ ഫൂളുകളെന്നാണ് പറഞ്ഞുവെച്ചതെങ്കിലും ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി.

 

 

കേരള ടൂറിസം വകുപ്പിനും വിഡ്ഢി ദിനത്തില്‍ പണികിട്ടി. ഹോളിവുഡ് താരങ്ങളായ ടോം ഹോളണ്ടും സെന്‍ഡയയും മൂന്നാറില്‍ നില്‍ക്കുന്ന ഫോട്ടോഷോപ്പ്പോസ്റ്റും എയറിലായി. ഇതിനെതിരെയും ശക്തമായ വിമർശനമാണ് ഉയർന്നത്. പിആർ വർക്കിന്‍റെ മറ്റൊരു ഉദാഹരണം എന്ന് പഴി കേട്ടതോടെ വിഡ്ഢി ദിനത്തില്‍ ടൂറിസം വകുപ്പും ഇളിഭ്യരായി.