കല്‍പ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 276 ആയി. മരണ സംഖ്യ ഉയരാനാണു സാധ്യതയെന്ന് അധികൃതർ സൂചന നല്‍കുന്നു. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്കുകള്‍. രക്ഷാദൗത്യം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. അതേസമയം ഇന്നും പ്രദേശത്ത് തുടരുന്ന മഴ രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നുണ്ട്.
ഇതുവരെ നടത്തിയ തിരച്ചിലിൽ 173 മൃതദേഹങ്ങൾ കണ്ടെത്തി. 96 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 91 ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. പോത്തുകല്ലിൽ ചാലിയാറിൽ നിന്ന് ഇന്നലെ 134 മൃതദേഹങ്ങളാണു കണ്ടെടുത്തത്. രാത്രിയായതോടെ ചാലിയാറിൽ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. വയനാട്ടിലെ വിവിധ ആശുപത്രികളിലെത്തിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടികള്‍ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. പലരെയും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്.
ചൂരൽമലയിൽ നിന്നും മുണ്ടക്കൈയിലേക്ക് നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന്‍റെ നിർമ്മാണം ഇന്ന് പൂർത്തിയാക്കും. അതിതീവ്ര മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ കാലാവസ്ഥ കൂടുതല്‍ പ്രതികൂലമാകുന്നതിനു മുമ്പായി ബെയ്‌ലി പാലത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കാനൊരുങ്ങുകയാണു സൈന്യം. പാലത്തിന്‍റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. 190 മീറ്റർ നീളമുള്ള പാലമാണു നിർമ്മിക്കുന്നത്. ബെയ്‌ലി പാലത്തിന് ഒപ്പം മറ്റൊരു പാലം കൂടി നിർമ്മിക്കും. ഇപ്പോൾ നിർമ്മിക്കുന്ന പാലത്തിന് സമാന്തരമായാണ് നടപ്പാലം നിർമിക്കുക. ബെയ്‌ലി നിർമ്മാണ രീതിയിൽ തന്നെയാണ് നടപ്പാലവും നിര്‍മ്മിക്കുന്നത്. ഒന്ന് കാൽനട യാത്രയ്ക്കും മറ്റൊന്ന് വാഹന ഗതാഗതത്തിനായും ഉപയോഗിക്കും.
നേരത്തെ മുണ്ടക്കൈ പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ തടികൊണ്ടു താല്‍ക്കാലികമായി നിർമ്മിച്ച പാലം മുങ്ങിയിരുന്നു. പ്രദേശത്തേക്ക് കൂടുതല്‍ കട്ടിംഗ് മെഷീനുകളും ആംബുലന്‍സുകളും എത്തിക്കും. എയർലിഫ്റ്റിംഗ് ഉള്‍പ്പെടെ ഉപയോഗിച്ചുള്ള മാർഗങ്ങളിലൂടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാനാണ് ശ്രമം.