മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയിലേക്ക്; 140 എത്തിയാല്‍ ജാഗ്രതാ നിർദേശം, പരമാവധി സംഭരണശേഷി 142 അടി

Jaihind Webdesk
Sunday, July 25, 2021

Mullaperiyar-Dam-1

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു. 135.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് 136 അടിയിലെത്തിയാൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ കൺട്രോൾ റൂം തുറക്കാന്‍ ജില്ലാ കളക്ടർ നിര്‍ദേശിച്ചു. ജലനിരപ്പ് 140 അടിയിലെത്തിയാൽ ഒന്നാമത്തെ ജാഗ്രതാ നിർദേശം നൽകും. പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തിയാൽ മൂന്നാമത്തെ ജാഗ്രതാ നിർദേശം നൽകി ഷട്ടറുകൾ തുറക്കും.

അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി വെള്ളമൊഴുക്കേണ്ടി വന്നാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ കെട്ടിടങ്ങൾ കണ്ടെത്താനും ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം തമിഴ്നാട്ടിലെ വൈഗ അണക്കെട്ടും പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാൽ കൂടുതൽ വെള്ളം കൊണ്ടുപോകാന്‍ തമിഴ്നാട് തയാറാകുന്നില്ല. ജലനിരപ്പ് കുറയ്ക്കാൻ കൂടുതൽ വെള്ളം എടുക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്ത് നൽകിയിട്ടുണ്ട്.