മരടിലെ ഫ്ലാറ്റ് മാലിന്യനീക്കം മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാന മേൽനോട്ട സമിതി. നേരത്തെ ഫ്ലാറ്റ് പ്രദേശങ്ങൾ സന്ദർശിച്ചു നൽകിയ നിർദ്ദേശങ്ങൾ പാലിക്കപ്പെടാത്തതിൽ കടുത്ത അതൃപ്തിയറിയിച്ച് സമിതി ചെയർമാൻ ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ള. നിർദ്ദേശങ്ങൾ ഇനിയും അവഗണിച്ചാൽ കടുത്ത നടപടിയെന്ന് ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകി.
മരടിലെ പൊളിച്ച ഫ്ലാറ്റ് കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കുന്ന നടപടികൾ വിലയിരുത്താൻ കൊച്ചിയിൽ ചേർന്ന പ്രത്യേക സമിതി യോഗത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിലവിലെ മാലിന്യനീക്കം തുടരാനാകില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാന മേൽനോട്ട സമിതി ചെയർമാൻ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള നിർദ്ദേശിച്ചു. മുകൾ ഭാഗം മറയ്ക്കാതെയുള്ള ലോറികളിലാണ് രാത്രി കാലങ്ങളിലെ മാലിന്യനീക്കം. മുപ്പത്തിയഞ്ചടി ഉയരത്തിൽ ഫ്ലാറ്റ് പരിസരത്തിന് ചുറ്റും കവചമൊരുക്കണമെന്ന നിർദ്ദേശം പാലിക്കുന്നില്ല. മത്സ്യ പ്രജനനത്തെ ബാധിക്കുന്ന വിധം സിമന്റ് പൊടി കായലിൽ കലങ്ങുന്നുമുണ്ട്.
എവിടേക്കാണ് മാലിന്യം കൊണ്ടു പോകുന്നതെന്ന് കൃത്യമായി മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിച്ച് അനുമതി വാങ്ങിയിരിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാനമേൽനോട്ട സമിതി യോഗത്തിൽ പങ്കെടുത്ത മാലിന്യനീക്കം ഏറ്റെടുത്ത പ്രോംറ്റ് കമ്പനി പ്രതിനിധികളോട് നിർദ്ദേശിച്ചു. ഇക്കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ സാങ്കേതിക സമിതിയെ നയിക്കുന്ന സബ് കളക്ടർ സ്നേഹിൽകുമാർ സിംഗിനോടും, മരട് നഗരസഭയോടും, മലിനീകരണ നിയന്ത്രണ ബോർഡിനോടും നിർദ്ദേശിച്ചിട്ടുണ്ട്. യോഗത്തിനു ശേഷം ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള വീണ്ടും ഫ്ലാറ്റ് പരിസരങ്ങൾ സന്ദർശിച്ചു. ഇത്തരത്തിൽ തുടർന്നാൽ വീഴ്ചകൾ വ്യക്തമാക്കി ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോർട്ട് നൽകുമെന്ന് അദ്ദ്ദേഹം പറഞ്ഞു.
സ്പ്രിംഗ്ളർ ഉപയോഗിച്ച് വേണം കോൺക്രീറ്റ് അവശിഷ്ടം നനയ്ക്കാൻ എന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ല. നിലവിൽ മരടിലെ ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ കരാർ കമ്പനി നീക്കം ചെയ്തു വരികയാണ്. എന്നാൽ അനുമതി വാങ്ങിയ സ്ഥലത്തു മാത്രമല്ല ആലപ്പുഴയുടെ മറ്റ് ഭാഗങ്ങളിലും മാലിന്യം തള്ളുന്നുവെന്ന പരാതിയും മലിനീകരണ നിയന്ത്രണ ബോർഡിന് ലഭിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവിട്ട സമയപരിധിക്കുള്ളിൽ തന്നെ മാലിന്യം പൂർണമായും നീക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാനമേൽനോട്ട സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.