വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള സംയുക്ത സമിതിയുടെ റിപ്പോര്‍ട്ടിനെച്ചൊല്ലി എന്‍ഡിഎ, പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ വന്‍ പ്രതിഷേധമാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉണ്ടായത്. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നു. അന്തിമ റിപ്പോര്‍ട്ടില്‍ നിന്ന് വിയോജിപ്പ് കുറിപ്പുകളുടെ ഭാഗങ്ങള്‍ നീക്കം ചെയ്തതായി പ്രതിപക്ഷ എംപിമാര്‍ ആരോപിച്ചു.
വഖഫ് സ്വത്തുക്കളെ സംബന്ധിക്കുന്ന ബില്ലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട്, സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) ചെയര്‍പേഴ്സണും ബിജെപി എംപിയുമായ ജഗദംബിക പാല്‍ ആണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ എംപിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ നടപടികള്‍ തടസ്സപ്പെട്ടു. പ്രതിഷേധം ശക്തമാണെന്നു മനസ്സിലായതോടെ വിയോജിപ്പ് കുറിപ്പുകള്‍ റിപ്പോര്‍ട്ടില്‍ ചേര്‍ക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
നേരത്തേ രാജ്യസഭയില്‍, ബില്ലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് രാജ്യസഭ എംപി മേധ കുല്‍ക്കര്‍ണിയാണ് അവതരിപ്പിച്ചത് . സഭ അത് അംഗീകരിച്ചു. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് വാക്ക്ഔട്ട് നടത്തി. വഖ്ഫ് ബില്ലിനെക്കുറിച്ചുള്ള വ്യാജ റിപ്പോര്‍ട്ടാണ് കമ്മിറ്റി തയ്യാറാക്കിയതെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധത്തിനിടയിലാണ് രാജ്യസഭയില്‍ റിപ്പോര്‍ട്ട് പാസ്സാക്കിയത്. പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങിയ രാജ്യസഭ പലവട്ടം ചെയര്‍പേഴ്സണ്‍ ജഗ്ദീപ് ധന്‍ഖര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പ്രതിപക്ഷ അഭിപ്രായങ്ങളെ തകര്‍ക്കുന്ന’ ‘വ്യാജ റിപ്പോര്‍ട്ടാണ് ജെപിസി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വഖഫ് ബില്ലിനെക്കുറിച്ചുള്ള വ്യാജ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് (ജെപിസി) തിരികെ അയയ്ക്കണമെന്നും വീണ്ടും അവതരിപ്പിക്കണമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു.
‘വഖഫ് ബില്ലില്‍ പല അംഗങ്ങള്‍ക്കും വിയോജിപ്പുകള്‍ ഉണ്ട്. റിപ്പോര്‍ട്ടില്‍ ആ വിയോജിപ്പു കുറിപ്പുകള്‍ നീക്കം ചെയ്ത് ഞങ്ങളുടെ അഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തുന്നത് ശരിയല്ല. ഇത് ജനാധിപത്യ വിരുദ്ധമാണ്… അത്തരം വ്യാജ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ ഒരിക്കലും സ്വീകരിക്കില്ല. അത് കമ്മിറ്റിക്ക് തിരിച്ചയച്ച് വീണ്ടും അവതരിപ്പിക്കണം,’ ഖാര്‍ഗെ പറഞ്ഞു. ഇന്ത്യാ സഖ്യത്തിലെ എംപിമാരും ഖാര്‍ഗെയെ പിന്തുണച്ചു. ജെപിസിയുടെ യോഗങ്ങളില്‍ ഫലവത്തായ ചര്‍ച്ചകള്‍ ഒരിക്കലും നടന്നിട്ടില്ലെന്ന് ശിവസേന സേന (യുബിടി) എംപി അരവിന്ദ് സാവന്ത് പറഞ്ഞു.
എന്നാല്‍ ഖാര്‍ഗെയുടെ വാദങ്ങളെ എതിര്‍ത്ത്, വിയോജിപ്പ് കുറിപ്പുകള്‍ റിപ്പോര്‍ട്ടിന്റെ അനുബന്ധത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നും പ്രതിപക്ഷം സഭയെ തെറ്റിദ്ധരിപ്പിച്ചതായും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ‘റിപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ അംഗങ്ങള്‍ അനാവശ്യമായ പ്രശ്‌നം സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.