വിവാദമായ വഖഫ് ഭേദഗതി ബില്‍ ചര്‍ച്ച ലോക്‌സഭയില്‍ തുടരുകയാണ് . വന്‍ പ്രതിഷേധമാണ് പ്രതിപക്ഷം ബില്ലിനെതിരേ സഭയില്‍ ഉയര്‍ത്തുന്നത്. അനാവശ്യമായ ധൃതിയാണ് ഈ ബില്‍ പാസ്സാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കാട്ടുന്നതെന്ന് കോണ്‍ഗ്രസ് എംപി കെ.സി. വേണുഗോപാല്‍ ആരോപിച്ചു. ഭേദഗതികള്‍ നിര്‍ദ്ദേശിക്കാന്‍ മതിയായ സമയം നല്‍കിയില്ലെന്നും ആരോപിച്ചു. ശരിയായ ചര്‍ച്ചയില്ലാതെയാണ് സര്‍ക്കാര്‍ ഈ നിയമനിര്‍മ്മാണം നടത്താനൊരുങ്ങുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭേദഗതികള്‍ അവതരിപ്പിക്കാന്‍ മതിയായ അവസരം പ്രതിപക്ഷത്തിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. നിയമനിര്‍മ്മാണത്തെ ബുള്‍ഡോസ് ചെയ്യാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ബില്‍ അവതരിപ്പിച്ചതിലൂടെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആരോപിച്ചു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന് ശേഷം ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഗൗരവ് ഗൊഗോയ്. വഖഫ് ബില്ലിലൂടെ സര്‍ക്കാര്‍ മറ്റ് സമുദായങ്ങളുടെ ഭൂമിയും ലക്ഷ്യമിടുന്നുവെന്ന് ഗൗരവ് ഗൊഗോയ് ആരോപിച്ചു. ‘ഇന്ന്, അവര്‍ ഒരു സമുദായത്തിന്റെ ഭൂമിയെയാണ് ലക്ഷ്യമിടുന്നത്, നാളെ അവര്‍ മറ്റൊരു സമുദായത്തെ തേടി എത്തും ,’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വഖഫ് ഭേദഗതി ബില്ലിലൂടെ സര്‍ക്കാര്‍ ‘ഭരണഘടനയെ ദുര്‍്ബ്ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
‘ഭരണഘടനയെ ദുര്‍ബ്ബലപ്പെടുത്തുക, ന്യൂനപക്ഷ സമുദായങ്ങളെ അപകീര്‍ത്തിപ്പെടുത്തുക, ഇന്ത്യന്‍ സമൂഹത്തെ വിഭജിക്കുക, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുക എന്നിവയാണ് ഈ ബില്‍ ലക്ഷ്യമിടുന്നത്,’ അദ്ദേഹം ആരോപിച്ചു. ഈ ബില്‍ ഭരണപരമായ മാറ്റങ്ങളെക്കുറിച്ചുള്ളത് മാത്രമല്ല; ഭരണഘടനയെ ദുര്‍ബലപ്പെടുത്താനും, ന്യൂനപക്ഷ സമുദായങ്ങളെ അപകീര്‍ത്തിപ്പെടുത്താനും, ഇന്ത്യന്‍ സമൂഹത്തെ വിഭജിക്കാനും, ഒടുവില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് ‘ ഗൊഗോയ് പറഞ്ഞു.
പാര്‍ലമെന്റില്‍ വഖഫ് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച തുടരുകയാണ്…