വഖഫ് ഭേദഗതി ബില്‍ നാളെ ലോകസഭയില്‍ എത്തും. ചര്‍ച്ചയ്ക്കായി ബുധനാഴ്ച എട്ട് മണിക്കൂര്‍ സമയമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് . പ്രതിപക്ഷത്തിന്റെയും വിവിധ മുസ്ലീം സംഘടനകളുടെയും ശക്തമായ എതിര്‍പ്പു നിലനില്‍ക്കുന്നതിനാല്‍ ഈ സെഷന്‍ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്. ബില്‍ ഭരണഘടനാ വിരുദ്ധവും മുസ്ലീം സമൂഹത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധവുമാണെന്ന നിലപാടാണ് കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനുമുള്ളത്.
വഖഫ് ബില്‍ ചര്‍ച്ചയ്ക്കു മുന്നോടിയായി സ്പീക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിസിനസ് അഡൈ്വസറി കമ്മിറ്റി (ബിഎസി) യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ബില്ലവതരണം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കാര്യോപദേശക സമതി യോഗം ചേര്‍ന്നത്. എന്നാല്‍ അനുവദിക്കപ്പെട്ട സമയത്തിന്റെ കാര്യത്തിലുള്ള തര്‍ക്കമാണ് ഇറങ്ങിപ്പോക്കില്‍കലാശിച്ചത് . വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് എംപിമാരുടെ യോഗം ബുധനാ്‌ഴ്ച നടക്കും .
ബജറ്റ് സമ്മേളനം അവസാനിക്കാന്‍ മൂന്നു ദിവസം ബാക്കി നില്‍ക്കെയാണ് നിര്‍ണായകമായ തീരുമാനത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കുന്നത്. നേരത്തേ ബിജെപി നേതാവ് ജഗദാംബിക പാല്‍ അധ്യക്ഷയായ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് (ജെപിസി) പരിഗണിച്ച ബില്‍ 14 ഭേദഗതികളോടെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
മുസ്ലീങ്ങള്‍ സംഭാവന ചെയ്യുന്ന കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ നിയന്ത്രിക്കുന്ന നിയമം ഭേദഗതി ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന വഖഫ് ബില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. വഖഫ് ബോര്‍ഡുകളുടെ ഘടനയില്‍ ഉള്‍പ്പടെയുള്ള മാറ്റങ്ങളാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഇത് മുസ്ലീങ്ങളല്ലാത്തവരെയും അംഗങ്ങളായി ഉള്‍പ്പെടുത്തുന്നത് അനുവദിക്കുന്നു.