വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ സുപ്രീം കോടതി ഇന്നു പരിഗണിക്കും. ഭേദഗതി നിയമം ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും അവ മുസ്‌ളിം സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ശ്രമമാണെന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന് മുന്നില്‍ നിയമത്തിനെതിരായ 73 ഹര്‍ജികളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത് . ഉച്ചയ്ക്ക് 2 മണിക്ക് ഹര്‍ജികള്‍ പരിഗണിക്കും.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപി, സമാജ്വാദി പാര്‍ട്ടി, നടന്‍ വിജയ്യുടെ ടിവികെ, ആര്‍ജെഡി, ജെഡിയു, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം, എഎപി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് തുടങ്ങിയ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. നിയമ ഭേദഗതിയികളിലൂടെ മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും അവരുടെ മതങ്ങളുടെ മൗലികാവകാശത്തെ ലംഘിക്കുന്നുവെന്നും ഹര്ജിയില്‍ പരാതിപ്പെടുന്നു. കോടതി കേസില്‍ തീര്‍പ്പു കല്‍പ്പിക്കും വരെ നിയമത്തിന് ഇടക്കാല സ്റ്റേ നല്‍കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
കോടതി പരിഗണിക്കുന്ന കേസുകളില്‍ 1995 ലെ യഥാര്‍ത്ഥ വഖഫ് നിയമത്തിനെതിരെ ഹിന്ദു കക്ഷികള്‍ സമര്‍പ്പിച്ച രണ്ടു ഹര്‍ജികളും ഉള്‍പ്പെടുന്നു. കേസില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് ഏഴ് സംസ്ഥാനങ്ങള്‍ നിയമത്തെ പിന്തുണച്ച് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ , വഖഫ് സ്വത്തുക്കളുടെ മാനേജ്മെന്റില്‍ സുതാര്യത ഉറപ്പാക്കുന്നതിന് ഭേദഗതി അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ വാദം.
വഖഫ് ഭേദഗതി നിയമം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച് വിജ്ഞാപനം പുറത്തിറക്കിക്കഴിഞ്ഞു. ഇതിന്റെ ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമാണ് ഇനി പുറത്തിറങ്ങാനുള്ളത് ഏപ്രില്‍ അഞ്ചിനാണ് ഇരു സഭകളും പാസ്സാക്കിയ ബില്ലില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു ഒപ്പു വച്ചത്.