പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ അക്രമം തുടരുന്നു. ജാഫ്രാബാദില്‍ അക്രമാസക്തമായ ജനക്കൂട്ടം രണ്ട് പേരെ വെട്ടിക്കൊന്നു. അച്ഛനേയും മകനേയുമാണ് കൊന്നതെന്നാണ് അറിയുന്നത്. വഖഫ് നിയമഭേദഗതി പാര്‍ലമെന്റില്‍ പാസാക്കിയതിനെ തുടര്‍ന്നാണ് ഈ പ്രദേശത്ത് സംഘര്‍ഷം പടര്‍ന്നത്. ട്രെയിനുള്‍പ്പെടെ സമരക്കാര്‍ തീയിട്ടു. ഒട്ടേറെ വാഹനങ്ങള്‍ കത്തിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. അംതല, സുതി, ധൂലിയാന്‍, മുര്‍ഷിദാബാദ്, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നിവിടങ്ങളിലാണ് സംഘര്‍ഷം വ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച നടന്ന അക്രമങ്ങളില്‍ എട്ടോളം പേര്‍ക്കു പരിക്കേറ്റു. വിവിധ അക്രമങ്ങളില്‍ 110-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് റെയ്ഡുകള്‍ പലയിടങ്ങളിലായി തുടരുന്നു.
അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വഖഫ് ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുതെന്നും സമാധാനം നിലനിര്‍ത്തണമെന്നും പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജനങ്ങളോട് മുഖ്യമന്ത്രി മമത ബാനര്‍ജി ശാന്തത പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
‘ ദയവായി ശാന്തത പാലിക്കണമെന്ന് എല്ലാ മതങ്ങളിലുമുള്ള ആളുകളോടും ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു. സംയമനം പാലിക്കുക. മതത്തിന്റെ പേരില്‍ ഒരു മതവിരുദ്ധ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടരുത്. ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണ്; രാഷ്ട്രീയത്തിനുവേണ്ടി കലാപങ്ങള്‍ക്ക് പ്രേരിപ്പിക്കരുത്, ഈ നിയമത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നില്ല,’ മമത ബാനര്‍ജി ട്വീറ്റ് ചെയ്തു.അക്രമബാധിത പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ്, ആശയവിനിമയ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.
അതേസമയം, ‘പാര്‍ലമെന്റില്‍ രാത്രിയുടെ മറവില്‍’ വഖഫ് ബില്‍ പാസാക്കിയതിനെത്തുടര്‍ന്ന് ‘സംസ്ഥാനങ്ങളിലുടനീളം ബിജെപി വര്‍ഗീയതയുടെ തീ ആളിക്കത്തിക്കുന്നു’ എന്ന് തൃണമൂല്‍ രാജ്യസഭാ എംപി ഡെറക് ഒബ്രയന്‍ ആരോപിച്ചു. സ്ഥിതി ഇപ്പോള്‍ നിയന്ത്രണത്തിലാണെന്നും അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) സംസ്ഥാന പോലീസിനെ ക്രമസമാധാനം നിലനിര്‍ത്താന്‍ സഹായിക്കുമെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു.