വഖഫ് ഭേദഗതി നിയമം: ഹര്‍ജികള്‍ മെയ് 15 ന് പരിഗണിക്കും

Jaihind News Bureau
Monday, May 5, 2025

വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പുതിയ ബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. നിയുക്ത ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് മേയ് 15ന് ഹര്‍ജികള്‍ പരിഗണിക്കും.

വഖഫ് ഭേദഗതി നിയമം സ്റ്റേചെയ്യണമെന്ന ആവശ്യത്തില്‍ ഇന്ന് വാദം കേള്‍ക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിനായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉച്ചക്ക് രണ്ട് മണിക്ക് ചേരുകയും ചെയ്തിരുന്നു. എന്നാല്‍, ഹര്‍ജികളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഫയല്‍ചെയ്ത സത്യവാങ്മൂലവും വിവിധ ഹര്‍ജിക്കാര്‍ ഫയല്‍ചെയ്ത മറുപടിയും താന്‍ വായിച്ചെന്നും ഇടക്കാല ഉത്തരവില്‍ വിശദമായ വാദം കേള്‍ക്കേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

അടുത്ത ആഴ്ച താന്‍ വിരമിക്കുന്നതിനാല്‍ വിശദമായി വാദംകേട്ട് വിധിപറയുന്നതിനുള്ള സമയമില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. ഇതിന് ശേഷമാണ് നിയുക്ത ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചത്. ഹര്‍ജികള്‍ പുതിയ ബെഞ്ചിന് വിടുന്നതിനെ കേന്ദ്ര സര്‍ക്കാരും കേസിലെ ഹര്‍ജിക്കാരും എതിര്‍ത്തില്ല.