വാളയാർ കേസ്: സിബിഐ സംഘം പെൺകുട്ടികളുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി

Jaihind Webdesk
Tuesday, July 13, 2021

പാലക്കാട് : വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിൽ സിബിഐ സംഘം കുട്ടികളുടെ അമ്മയുടെ  മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം സിബിഐ യൂണിറ്റ് ക്രൈം സ്പെഷ്യൽ സെൽ എസ്പി സി.ബി രാമദേവന്‍റെ നേതൃത്വത്തിൽ വാളയാറിലെ വീട്ടിലെത്തിയാണ് മെ‍ാഴി രേഖപ്പെടുത്തിയത്.

കേസിലെ രണ്ട് സാക്ഷികളുടെ മൊഴിയും സിബിഐ സംഘം രേഖപ്പെടുത്തി.വിശദമായ മൊഴിയെടുപ്പിനായി കുട്ടികളുടെ രക്ഷിതാക്കളെ സിബിഐയുടെ പാലക്കാട്ടെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐ സംഘം വാളയാറിലെ വീട്ടിലെത്തി പ്രാഥമികഘട്ടത്തിലെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഏപ്രിലിൽ 22നു സിബിഐ മുൻ എസ്പി നന്ദകുമാരൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാഥമിക തെളിവെടുപ്പ് നടത്തിയത്. രക്ഷിതാക്കൾ, അന്വേഷണ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ, സാക്ഷികൾ, പ്രതികൾ എന്നിവരിൽ നിന്നുള്ള വിവരങ്ങളും ശേഖരിച്ചു. കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ ഷെഡിലും ശാസ്ത്രീയ തെളിവെടുപ്പ് നടത്തി. ഇതിനിടെ നന്ദകുമാരന്‍ നായര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയും ചെയ്തു.

കേസില്‍ മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചായിരുന്നു സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ പരാതിയുയര്‍ത്തിയിരുന്നു. 2017 ജനുവരി 13, മാര്‍ച്ച് 4 തീയതികളിലാണ് വാളയാര്‍ അട്ടപ്പളളത്തെ സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ 2019ല്‍ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. വിധിക്കെതിരെയുളള അപ്പീലിന്‍മേല്‍ വാദം നടക്കുന്നതിനിടെ പ്രദീപ് ആത്മഹത്യ ചെയ്യുകയുമുണ്ടായി.