’50 ലക്ഷം വാങ്ങി ലൈഫ് സെറ്റില്‍ ചെയ്യാം’; വടക്കാഞ്ചേരി ബ്ലോക്ക് ഭരണം പിടിക്കാന്‍ സിപിഎം ഒഴുക്കിയത് ലക്ഷങ്ങള്‍; ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ പുറത്ത്

Jaihind News Bureau
Friday, January 2, 2026

 

വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്യാന്‍ സിപിഎം 50 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന ലീഗ് സ്വതന്ത്രന്റെ ഞെട്ടിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. വടക്കാഞ്ചേരി ബ്ലോക്കിലെ തളി ഡിവിഷനില്‍ നിന്ന് വിജയിച്ച ഇ.യു. ജാഫര്‍, കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റ് എ.എ. മുസ്തഫയോട് നടത്തിയ വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം തനിക്ക് മുന്നില്‍ രണ്ട് ഓപ്ഷനുകള്‍ വെച്ചിരുന്നതായി ജാഫര്‍ ശബ്ദരേഖയില്‍ പറയുന്നു. ഒന്നുകില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി ഏറ്റെടുക്കാം, അല്ലെങ്കില്‍ 50 ലക്ഷം രൂപ സ്വീകരിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കാം എന്നതായിരുന്നു വാഗ്ദാനം. ഇതില്‍ 50 ലക്ഷം രൂപ വാങ്ങി ‘ലൈഫ് സെറ്റില്‍’ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ജാഫര്‍ വ്യക്തമാക്കുന്നുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തലേദിവസമായിരുന്നു ഈ സംഭാഷണം നടന്നത്.

എല്‍.ഡി.എഫിനും യു.ഡി.എഫിനും ഏഴ് അംഗങ്ങള്‍ വീതം ഉണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്തില്‍ ജാഫറിന്റെ കൂറുമാറ്റം നിര്‍ണ്ണായകമായി. ജാഫര്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്തതോടെ യു.ഡി.എഫിന് ഭരണം നഷ്ടമായി. തുടര്‍ന്ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ജാഫര്‍ വിട്ടുനിന്നതോടെ എല്‍.ഡി.എഫ് രണ്ട് സ്ഥാനങ്ങളും കൈക്കലാക്കി. വൈകാതെ തന്നെ ജാഫര്‍ തന്റെ അംഗത്വം രാജിവെക്കുകയും ചെയ്തു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ഐ. ഷാനവാസാണ് ഈ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ജാഫര്‍ താനുമായി സംസാരിച്ചത് തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് മുസ്തഫയും സ്ഥിരീകരിച്ചു. എന്നാല്‍, സുഹൃത്തിനോട് തമാശരൂപേണ പറഞ്ഞ കാര്യങ്ങളാണ് ഇതെന്നാണ് ജാഫറിന്റെ വിശദീകരണം. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അനില്‍ അക്കര ഡി.ജി.പിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.