വോട്ടിംഗ് മെഷീനിൽ കൃത്രിമം നടക്കുന്നുവെന്ന ആരോപണങ്ങൾക്ക് തടയിടാൻ ഇത്തവണ വിവി പാറ്റ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് തെരഞ്ഞടുപ്പ് കമ്മീഷൻ. ഇതോടെ വോട്ട് രേഖപ്പെടുത്തിയത് കൃത്യമാണോയെന്ന് വോട്ടർക്ക് ഉറപ്പാക്കാം. ബാലറ്റ് സംവിധാനത്തിലേക്ക് തിരികെ പോകണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം നിലനിൽക്കയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.
രാജ്യത്തെ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കെതിരെ വ്യപക പരാതികളാണ് ഉയർന്നിട്ടുള്ളത്. ഇവിഎമ്മുകൾ വിദഗ്ധനായ ഒരാൾക്ക് വേഗത്തിൽ ഹാക്ക് ചെയ്യാമെന്ന് അവകാശപ്പെട്ട് പലരും രംഗത്തെത്തിയത് ആരോപണങ്ങൾക്ക് ആക്കം കൂട്ടി. ഇതിനിടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വിവിപാറ്റ് സംവിധാനം ഏർപ്പെടുത്താൻ ഇലക്ഷൻ കമ്മീഷൻ തീരുമാനിച്ചത്. വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തുന്നതോടെ താൻ വോട്ട് രേഖപ്പെടുത്തിയത് കൃത്യമാണോയെന്ന് ഓരോ വോട്ടർക്കും അറിയാനാകും.
വിവിപാറ്റുകൾ കൈകാര്യം ചെയ്യുന്നതിനും അവ കൊണ്ടു പോകുന്നതിനും ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തുമെന്നും കമ്മീഷണർ അറിയിച്ചു. അതിനായി റിസർവ് വിവിപാറ്റുകളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും കൊണ്ടുപോകുന്നതിന് ജി.പി.എസ് ട്രാക്കിംഗ് സംവിധാനവും മൊബൈൽ അധിഷ്ടിത ട്രാക്കിംഗ് സംവിധാനവും ഏർപ്പെടുത്തും. ഇതിലൂടെ വിവിപാറ്റും ഇവിഎമ്മും കൊണ്ടു പോകുന്നത് കൃത്യമായി ട്രാക്ക് ചെയ്യാനാകും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ വ്യാപകമായി കൃത്രിമം നടക്കുന്നുവെന്ന ആരോപണം ശക്തമായതിനെ തുടർന്ന് ബാലറ്റിലേക്ക് തിരിച്ചു പോകണമെന്ന ആവശ്യം ശക്തമായിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ആവശ്യപ്പെട്ടിരുന്നു.