‘ഇത് സർക്കാരിന്‍റെ സാധാരണ നടപടി മാത്രം, ഔദാര്യം എന്ന നിലയിൽ ഓരോ തവണയും കൊട്ടിഘോഷിക്കുന്നത് അൽപ്പത്തം’; ക്ഷേമപെന്‍ഷനില്‍ ഐസക്കിനെതിരെ വി.ടി ബല്‍റാം

Jaihind News Bureau
Thursday, July 16, 2020

 

ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എംഎല്‍എ. സര്‍ക്കാരിന്‍റെ പുതിയ ഔദാര്യം എന്ന നിലയില്‍ ക്ഷേമപെന്‍ഷന്‍ വിതരണം ഓരോ തവണയും കൊട്ടിഘോഷിക്കുന്നതും പിആർ വർക്കിന്‍റെ ഭാഗമാക്കുന്നതും വെറും അൽപ്പത്തമാണെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

‘ഒരിക്കൽ ബജറ്റ് അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ പെൻഷൻ സമയബന്ധിതമായി ലഭിക്കുക എന്നത് ഗുണഭോക്താക്കളായ പൗരമാരുടെ അവകാശമാണ്. അത് നൽകുക എന്നത് സർക്കാരിന്‍റെ സാധാരണ നടപടി മാത്രവും. അതല്ലാതെ സർക്കാരിൻ്റെ എന്തോ പുതിയ ഔദാര്യം എന്ന നിലയിൽ ഇത് ഓരോ തവണയും കൊട്ടിഘോഷിക്കുന്നതും പിആർ വർക്കിന്‍റെ ഭാഗമാക്കുന്നതും വെറും അൽപ്പത്തമാണ്. അതിൻ്റെ കൂടെ നോട്ടുകളും കയ്യിൽപ്പിടിച്ചുള്ള കുറേ ദരിദ്ര മുഖങ്ങളുടെ ചിരിക്കുന്ന ഫോട്ടോ ഒക്കെ ചേർക്കുന്നത് ക്രൂരത കൂടിയാണ്. ഭരിക്കുന്ന തമ്പ്രാക്കന്മാരുടെ ഔദാര്യം ഏറ്റുവാങ്ങുന്ന കുറേ ദരിദ്രവാസികളായി ധനമന്ത്രി ഇന്നാട്ടിലെ പെൻഷൻ ഗുണഭോക്താക്കളെ അപമാനിക്കരുത്-വി.ടി ബല്‍റാം കുറിച്ചു.

ക്ഷേമപെൻഷൻ സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ  അന്നത്തേതിനേക്കാൾ ഗണ്യമായ എന്തെങ്കിലും പുരോഗതി ഈ സർക്കാരിന് ഇതുവരെയായി ഉണ്ടാക്കാൻ കഴിഞ്ഞോ? പെൻഷൻ തുകയിലും ആളുകളുടെ എണ്ണത്തിലുമുള്ള കാലാനുസൃതമായ വർദ്ധന അംഗീകരിക്കുന്നു. എന്നാൽ വിതരണത്തിൻ്റെ ഇടവേള ഈ കോവിഡ് വരുന്നത് വരെ പഴയപോലെത്തന്നെയാണ് തുടർന്നു പോന്നിരുന്നത് എന്നതല്ലേ വാസ്തവം? പിന്നെന്തിനാണ് ബഹു.ധനമന്ത്രീ ഈ അതിരു കടന്ന രാഷ്ട്രീയ അവകാശവാദങ്ങൾ?-ബല്‍റാം കുറിപ്പില്‍ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

പതിവ് പോലെ ക്ഷേമപെൻഷന്‍റെ പേരിലുള്ള തള്ള് ധനമന്ത്രി തോമസ് ഐസക്കു തന്നെ തുടങ്ങി വച്ചിട്ടുണ്ട്. നിലവിൽ രണ്ടര മാസം കുടിശ്ശികയായ പെൻഷനിൽ രണ്ട് മാസത്തേത് കൊടുക്കാൻ തീരുമാനിച്ചു എന്നതാണ് വിഷയം. ഇതിങ്ങനെ ഓരോ തവണയും പ്രത്യേകമായി എടുത്തു പറഞ്ഞ് മേനി നടിക്കേണ്ട കാര്യമെന്താണ് എന്ന് മനസ്സിലാവുന്നില്ല. ക്ഷേമ പെൻഷൻ തുക ബജറ്റിലൂടെ ഗണ്യമായി വർദ്ധിപ്പിക്കുന്നുണ്ടെങ്കിൽ, പുതിയ ഏതെങ്കിലും വിഭാഗത്തിന് പെൻഷൻ അനുവദിക്കുന്നുണ്ടെങ്കിൽ അതിൻ്റെ പേരിൽ ആ ഘട്ടത്തിൽ ധനമന്ത്രിക്ക് സ്വൽപ്പം അവകാശവാദമൊക്കെ ആവാം. എന്നാൽ ഒരിക്കൽ ബജറ്റ് അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ പെൻഷൻ സമയബന്ധിതമായി ലഭിക്കുക എന്നത് ഗുണഭോക്താക്കളായ പൗരമാരുടെ അവകാശമാണ്. അത് നൽകുക എന്നത് സർക്കാരിൻ്റെ സാധാരണ നടപടി മാത്രവും. അതല്ലാതെ സർക്കാരിൻ്റെ എന്തോ പുതിയ ഔദാര്യം എന്ന നിലയിൽ ഇത് ഓരോ തവണയും കൊട്ടിഘോഷിക്കുന്നതും പിആർ വർക്കിൻ്റെ ഭാഗമാക്കുന്നതും വെറും അൽപ്പത്തമാണ്. അതിൻ്റെ കൂടെ നോട്ടുകളും കയ്യിൽപ്പിടിച്ചുള്ള കുറേ ദരിദ്ര മുഖങ്ങളുടെ ചിരിക്കുന്ന ഫോട്ടോ ഒക്കെ ചേർക്കുന്നത് ക്രൂരത കൂടിയാണ്. ഭരിക്കുന്ന തമ്പ്രാക്കന്മാരുടെ ഔദാര്യം ഏറ്റുവാങ്ങുന്ന കുറേ ദരിദ്രവാസികളായി ധനമന്ത്രി ഇന്നാട്ടിലെ പെൻഷൻ ഗുണഭോക്താക്കളെ അപമാനിക്കരുത്.

ഉദ്യോഗസ്ഥർക്ക് മാസം തോറും ശമ്പളം കൊടുക്കുന്നതും ഇങ്ങനെ സ്ഥിരമായി വിളിച്ചുപറയാൻ ഇനി ധനമന്ത്രി ശ്രമിക്കുമോ ആവോ! പറയാൻ പറ്റില്ല, കെഎസ്ആർടിസിയിലൊക്കെ ഈ സർക്കാർ അത് ചെയ്തിട്ടുണ്ട്. മാസങ്ങളോളം അവർക്ക് ശമ്പളം മുടക്കിയിട്ട് പിന്നീട് ശമ്പള വിതരണം പുനരാരംഭിച്ചപ്പോൾ അത് വലിയ ഉദ്ഘാടനച്ചടങ്ങൊക്കെ വച്ച് ആഘോഷമാക്കിയത് നമ്മളാരും മറന്നിട്ടില്ല.
“സാധാരണ വിഷുവിനുള്ള ക്ഷേമപെൻഷൻ വിതരണം കഴിഞ്ഞാൽപ്പിന്നെ ഓണത്തിനാണ് പെൻഷൻ വിതരണം ചെയ്യുക. ഇത്തവണ ഈ പതിവ് മാറ്റുകയാണ്” എന്നതാണ് കൊട്ടിഘോഷിക്കാനുള്ള കാരണമായി ധനമന്ത്രി പറയുന്നത്! ഇതിത്ര ആനക്കാര്യമായത് നിങ്ങളുടെ തന്നെ വാഗ്ദാന ലംഘനം മൂലമല്ലേ ബഹു. ധനമന്ത്രീ? മാസം തോറും ക്ഷേമപെൻഷൻ മുടങ്ങാതെ വിതരണം ചെയ്യുമെന്ന് പറഞ്ഞല്ലേ നിങ്ങൾ അധികാരത്തിലെത്തിയത് തന്നെ? അതിത്ര കാലമായിട്ടും നടത്താത്തതിന് മറ്റാരുമല്ലല്ലോ ഉത്തരവാദി? 2018 ജൂണിലെ ഈ പത്രവാർത്ത പ്രകാരം മാസം തോറും പെൻഷൻ നൽകാൻ എന്തോ പ്രത്യേക കമ്പനി രൂപീകരിക്കുമെന്നും നിങ്ങൾ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ രണ്ട് കൊല്ലത്തിന് ശേഷം അതാദ്യമായി നടപ്പാക്കുന്നതിനാണോ ഈ വക ഡെക്കറേഷനൊക്കെ?
“യുഡിഎഫിൻ്റെ ഭരണ കാലത്ത് എന്തായിരുന്നു സ്ഥിതിയെന്ന് എല്ലാവരുമെന്ന് ഓർമ്മിച്ചെടുക്കുന്നതു നന്നായിരിക്കും” എന്ന കൊളുത്തും വച്ചാണ് ധനമന്ത്രി പോസ്റ്റ് അവസാനിപ്പിക്കുന്നത്. പോരാളി ഷാജിയുടെ നിലവാരത്തിൽ നിൽക്കാതെ താങ്കൾ തന്നെ വിശദീകരിക്കൂ ധനമന്ത്രീ യുഡിഎഫ് കാലത്ത് എന്തായിരുന്നു ഇത്ര വലിയ അപാകത എന്ന്? താങ്കൾ ധനമന്ത്രിയായതിന് ശേഷം 2016 ജൂൺ മധ്യത്തിൽ പുറത്തിറക്കിയ ധവളപത്രത്തിൽ പറഞ്ഞത് അതുവരെയുള്ള പെൻഷൻ കുടിശ്ശിക വെറും 806 കോടി രൂപ മാത്രമാണ് എന്നാണ്. അതായത് അന്നത്തെ നിരക്കനുസരിച്ച് വെറും നാല് മാസത്തെ കുടിശ്ശിക. പിന്നീട് നിയമസഭയിലും താങ്കൾ തന്നെ ഈ കണക്ക് ആവർത്തിച്ചിട്ടുണ്ട്. ഇതിനേക്കുറിച്ചുള്ള ഒരു പോസ്റ്റിൻ്റെ ലിങ്ക് ഇവിടെ ഇടുന്നു: http://www.facebook.com/story.php?story_fbid=10157686755124139&id=644674138&scmts=scwspsdd&extid=acOnsXMaOwchyimD
ക്ഷേമപെൻഷൻ സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ അന്നത്തേതിനേക്കാൾ ഗണ്യമായ എന്തെങ്കിലും പുരോഗതി ഈ സർക്കാരിന് ഇതുവരെയായി ഉണ്ടാക്കാൻ കഴിഞ്ഞോ? പെൻഷൻ തുകയിലും ആളുകളുടെ എണ്ണത്തിലുമുള്ള കാലാനുസൃതമായ വർദ്ധന അംഗീകരിക്കുന്നു. എന്നാൽ വിതരണത്തിൻ്റെ ഇടവേള ഈ കോവിഡ് വരുന്നത് വരെ പഴയപോലെത്തന്നെയാണ് തുടർന്നു പോന്നിരുന്നത് എന്നതല്ലേ വാസ്തവം? പിന്നെന്തിനാണ് ബഹു.ധനമന്ത്രീ ഈ അതിരു കടന്ന രാഷ്ട്രീയ അവകാശവാദങ്ങൾ?