‘എന്തിനാണ് സാധാരണക്കാരോട് ഇത്ര ക്രൂരത?’; പ്രവാസികള്‍ ക്വാറന്‍റീന്‍ ചെലവ് വഹിക്കണമെന്ന തീരുമാനത്തില്‍ സര്‍ക്കാരിനെതിരെ വി.ടി ബല്‍റാം

Jaihind News Bureau
Tuesday, May 26, 2020

 

വിദേശത്ത് നിന്ന് വരുന്നവര്‍ ക്വാറന്‍റീന്‍ ചെലവ് സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വി.ടി ബല്‍റാം എംഎല്‍എ. എന്തിനാണ് സാധാരണക്കാരോട് ഇത്ര ക്രൂരത എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്‍റീന്‍ ചെലവ് സ്വയം വഹിക്കണമെന്നാണ് പുതിയ തീരുമാനം. പാവങ്ങളാണെങ്കിലും ചെലവ് വഹിക്കേണ്ടി വരുമെന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. ഇതിനെതിരെയായിരുന്നു വി.ടി ബല്‍റാം രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ലോക കേരളസഭക്ക് വന്ന പ്രവാസി മുതലാളിമാർക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം 4,850 രൂപ ചെലവഴിക്കുന്നതുമൊക്കെ അനാവശ്യ ധൂർത്തല്ലേ, പൊതുപണത്തിൻ്റെ വിനിയോഗത്തിൽ അൽപ്പം മിതത്വം ആയിക്കൂടെ എന്ന് ചോദിച്ചപ്പോൾ അതിൻ്റെ പേരിൽ വലിയ സൈബർ ആക്രമണമായിരുന്നു ഞങ്ങളൊക്കെ നേരിടേണ്ടി വന്നത്.

എന്നാൽ ഇന്നിതാ പ്രവാസ ലോകത്തു നിന്ന് കഷ്ടപ്പാട് സഹിച്ച് നിൽക്കക്കള്ളിയില്ലാതെ എങ്ങനെയെങ്കിലും സ്വന്തം നാട്ടിൽ കൂടണയാൻ എത്തുന്ന സാധാരണ മലയാളികൾക്ക് ക്വാറൻ്റീൻ സൗകര്യം നൽകാൻ അഞ്ച് പൈസ ചെലവഴിക്കുകയില്ല എന്ന് അതേ പിണറായി വിജയൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു.

എന്തിനാണ് സാധാരണക്കാരോട് ഇത്ര ക്രൂരത?

#കയ്യിൽ_റിയാലുമായി_വാടാ_മക്കളേ