‘ഇത്ര ലജ്ജയില്ലാത്തവരാണല്ലോ രാജ്യം ഭരിക്കുന്നത്’ ; നെഹ്റുവിനെ ഒഴിവാക്കിയതില്‍ വിമർശനവുമായി വി.ടി.ബൽറാം

Jaihind Webdesk
Friday, August 27, 2021

തിരുവനന്തപുരം : ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐസിഎച്ച്ആർ) വെബ്സൈറ്റിന്റെ ഹോം പേജിലെ പോസ്റ്ററിൽനിന്നും മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കി വി.ഡി.സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയതിനെതിരെ രൂക്ഷവിമർശനവുമായി  വി.ടി.ബൽറാം. ഇത്ര ലജ്ജയില്ലാത്തവരാണല്ലോ രാജ്യം ഭരിക്കുന്നതെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ‘ആസാദീ കേ അമൃത് മഹോത്സവ്’ എന്ന പേരിൽ ഐസിഎച്ച്ആർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷ പോസ്റ്ററിൽനിന്നാണ് നെഹ്റുവിന്‍റെ ചിത്രം ഒഴിവാക്കിയത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ വെബ്സൈറ്റ് ഹോം പേജ് ആണിത്. ഇന്ത്യ ഗവൺമെന്റിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് ഐസിഎച്ച്ആർ. ആസാദീ കേ അമൃത് മഹോത്സവ് എന്ന പേരിൽ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷങ്ങൾ നടത്തുകയാണത്രേ.

അതിന്റെ ഭാഗമായി 8 പ്രമുഖ വ്യക്തികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെയും മതനിരപേക്ഷ ജനാധിപത്യ രാഷ്ട്ര നിർമാണ പ്രക്രിയയുടെയും സമാനതകളില്ലാത്ത നേതാവ് ജവാഹർലാൽ നെഹ്റു ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഹിന്ദുരാഷ്ട്ര വാദിയായ മാപ്പപേക്ഷ വീരൻ വി.ഡി.സവർക്കർ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇത്ര ലജ്ജയില്ലാത്തവരാണല്ലോ ഈ രാജ്യം ഭരിക്കുന്നത്!