ആ സ്ത്രീക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു: അതിജീവിതയ്ക്ക് പ്രത്യേക താല്‍പര്യമെന്ന ഇപി ജയരാജന്‍റെ പരാമർശത്തിനെതിരെ വിടി ബല്‍റാം

Jaihind Webdesk
Tuesday, May 24, 2022

തിരുവനന്തപുരം ∙ സർക്കാരിനെതിരെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചതിന് പിന്നില്‍ പ്രത്യേക താൽപര്യമുണ്ടോ എന്നു പരിശോധിക്കണമെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍റെ  പ്രസ്താവനയ്ക്കെതിരെ കെപിസിസി വൈസ് പ്രസിഡന്‍റ് വിടി ബല്‍റാം. ഇത് ആ സ്ത്രീയെ ഡിസ്ക്രെഡിറ്റ് ചെയ്യുന്നതും അവർക്ക് കോടതി വഴി ലഭിക്കേണ്ട നീതിയെ തടസ്സപ്പെടുത്തുന്നതുമാണെന്ന് വി.ടി.ബൽറാം പറഞ്ഞു.

‘അവൾക്കൊപ്പം, അവൾക്കൊപ്പം’ എന്ന് നാഴികയ്ക്കു നാൽപ്പത് വട്ടം സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നവരോടാണ്. നിങ്ങൾ ഇപ്പോൾ ആർക്കൊപ്പമാണ് ? അതിജീവിതയായ വനിതയ്ക്കൊപ്പം തന്നെയാണോ അതോ അവർക്ക് വിശ്വാസം നഷ്ടപ്പെട്ട സർക്കാരിനൊപ്പമോ?’– ബൽറാം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

അതിജീവിതയായ വനിതയെ അധിക്ഷേപിക്കുന്നതാണ് എൽഡിഎഫ് കൺവീനറുടെ ഈ വാക്കുകൾ. തനിക്ക് നീതി നൽകുന്നതിന് പകരം പ്രതികൾക്കനുകൂലമായി ഇവിടത്തെ സർക്കാർ സംവിധാനങ്ങളും കീഴ്ക്കോടതികളും ഒത്തുകളിക്കുന്നു എന്ന ഗുരുതരമായ ആശങ്കയുടെ അടിസ്ഥാനത്തിലാണ് അതിജീവിത നേരിട്ട് പരാതിയുമായി മേൽക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അതിന്റെ ‘പിന്നിൽ പ്രത്യേക താൽപര്യമുണ്ടെ’ന്ന് ഉന്നത സിസപിഎം നേതാവ് തന്നെ ആരോപിക്കുമ്പോൾ അത് ആ സ്ത്രീയെ ഡിസ്ക്രെഡിറ്റ് ചെയ്യുന്നതും അവർക്ക് കോടതി വഴി ലഭിക്കേണ്ട നീതിയെ തടസ്സപ്പെടുത്തുന്നതുമാണ്.

അതിക്രൂരമായ ഒരു ക്രൈമിന്റെ ഇരയായ തനിക്ക് ഈ നാട്ടിലെ നിയമസംവിധാനത്തിലൂടെത്തന്നെ നീതി ലഭിക്കണമെന്ന ഏക താൽപര്യമല്ലാതെ മറ്റെന്ത് പ്രത്യേക താൽപര്യമാണ് ഇക്കാര്യത്തിൽ ആ വനിതയ്ക്ക് ഉണ്ടാവാൻ സാധ്യതയുള്ളത്? കേരളത്തിലെ സർക്കാർ തനിക്കൊപ്പമില്ലെന്ന് അതിജീവിതയായ സ്ത്രീ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ തിരിച്ചറിയുന്നു, അതവർ കൃത്യമായി കോടതി മുൻപാകെ തുറന്നുപറയുന്നു.

ഇനി ചോദ്യം ‘അവൾക്കൊപ്പം, അവൾക്കൊപ്പം എന്ന് നാഴികയ്ക്കു നാൽപ്പത് വട്ടം സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നവരോടാണ്. നിങ്ങൾ ഇപ്പോൾ ആർക്കൊപ്പമാണ് ? അതിജീവിതയായ വനിതയ്ക്കൊപ്പം തന്നെയാണോ അതോ അവർക്ക് വിശ്വാസം നഷ്ടപ്പെട്ട സർക്കാരിനൊപ്പമോ?