ഗൺമാൻ നിയമനം: ഡിജിപിയുടെ നടപടി സർവീസ് ചട്ടങ്ങളുടെ ലംഘനം; പൊലീസ് മേധാവി സ്ഥാനത്തു നിന്നും ബെഹറയെ അടിയന്തരമായി നീക്കം ചെയ്യണമെന്ന് വി.ടി ബല്‍റാം

 

യുഎഇ കോൺസുലേറ്റിലെ ഗൺമാൻ നിയമനത്തിൽ ചട്ടലംഘനം കണ്ടെത്തിയതിനു പിന്നാലെ ഡിജിപി ലോക്നാഥ് ബെഹറയ്ക്കെതിരെ വി.ടി ബല്‍റാം എംഎല്‍എ. അറ്റാഷെയ്ക്ക് ഗണ്‍മാന്‍റെ സേവനം നീട്ടി നല്‍കിയ ഡിജിപിയുടെ നടപടി സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നും ബെഹറയെ അടിയന്തരമായി നീക്കം ചെയ്യണമെന്നും വി.ടി ബല്‍റാം ആവശ്യപ്പെട്ടു.  സ്വർണ്ണക്കള്ളക്കടത്തിൽ ഡിജിപിയുടെ പങ്കും എൻഐഎ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

യുഎഇ കോൺസുൽ ജനറലിന് ഗൺമാനെ അനുവദിച്ചത് ഒരു വർഷം കൂടി നീട്ടിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി ഇറക്കിയ ഉത്തരവ്. കോൺസുൽ ജനറലിന്‍റെ ചുമതല വഹിക്കുന്ന അറ്റാഷെയുടെ പേരിലാണ് കള്ളക്കടത്ത് സ്വർണ്ണം അയച്ചിരുന്നത്. 18/12/2019 ന് കോൺസുൽ ജനറൽ ഡിജിപിക്ക് നേരിട്ടയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. നേരത്തെയും രണ്ട് തവണ ഇങ്ങനെ ഗൺമാന്‍റെ സേവനം ദീർഘിപ്പിച്ച് നൽകിയിരുന്നു. സുരക്ഷയേർപ്പെടുത്തണമെങ്കിൽ അക്കാര്യം തീരുമാനിക്കേണ്ടിയിരുന്നത് കേന്ദ്ര വിദേശകാര്യ വകുപ്പാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ നയതന്ത്രപ്രതിനിധികൾ ഒരു സംസ്ഥാനത്തെ വകുപ്പ് മേധാവിയുമായി നേരിട്ട് കത്തിടപാട് നടത്തുന്നത് നിയമ ലംഘനമാണ്. സർവ്വീസ് ചട്ടങ്ങളുടെ ലംഘനം കൂടിയാണ് ഡിജിപി ലോകനാഥ് ബെഹ്ര നടത്തിയിരിക്കുന്നത്. ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാനുള്ള ഒരു കാരണമായി പറഞ്ഞിരുന്നതും ഇതേമട്ടിലുള്ള ചട്ടലംഘനമായിരുന്നു. സ്വർണ്ണക്കള്ളക്കടത്തിൽ ഡിജിപിയുടെ പങ്കും എൻഐഎ അന്വേഷിക്കണം. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് ബെഹ്രയെ അടിയന്തരമായി നീക്കം ചെയ്യണം.

https://www.facebook.com/vtbalram/posts/10157836340889139

VT BalramDGP loknath behraGunman
Comments (0)
Add Comment