വയനാടിന്റെ നിസ്സഹായത തുറന്നു കാട്ടി അടിയന്തര പ്രമേയം; ചര്‍ച്ച അനുവദിക്കാതെ അനുമതി നിഷേധിച്ചു

Jaihind News Bureau
Tuesday, March 11, 2025

വയനാട് ദുരന്തം കഴിഞ്ഞ് എട്ടുമാസം ആയിട്ടും ദുരന്തബാധിതരുടെ ഒരു കൃത്യമായ പട്ടിക തയ്യറാക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷം. നിലവിലെ ലിസ്റ്റ് അപാകതയുടെ കൂമ്പാരമാണെന്നുംപ്രതിപക്ഷം. വയനാട് ദുരന്തബാധിതരുടെ നീറുന്ന പ്രശ്‌നങ്ങളും പുനരധിവാസത്തിലെ അനിശ്ചിതത്വവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിഷ്‌ക്രിയത്വവും അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തി. വയനാട് പുനരധിവാസ നടപടികള്‍ അനാവശ്യമായി ചുവപ്പ് നാടയില്‍ കുടുങ്ങി കിടക്കുന്നതായി പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

വയനാട് ദുരന്തബാധിതര്‍ നേരിടുന്ന നീറുന്ന പ്രശ്‌നങ്ങളും പുനരധിവാസത്തിലെ അനിശ്ചിതത്വവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിഷ്‌ക്രിയത്വവും അക്കമിട്ട് നിരത്തിയാണ് റ്റി സിദ്ദിഖ് വിഷയം നിയമസഭയുടെ മുന്നില്‍ അവതരിപ്പിച്ചത്. സര്‍ക്കാരിന്റെ യാതൊരുവിധമായ ഏകോപനവും ദുരന്ത പുനരധിവാസത്തില്‍ ഉണ്ടാകുന്നില്ലെന്ന് റ്റി സിദ്ധിഖ് കുറ്റപ്പെടുത്തി.കേന്ദ്രസര്‍ക്കാര്‍ മനുഷ്യരഹിതമായ നടപടി സ്വീകരിക്കുന്നതായി കുറ്റപ്പെടുത്തിയ സിദ്ദീഖ് സ്‌പോണ്‍സറുമായി കൃത്യമായി ആശയവിനിമയം സര്‍ക്കാര്‍ നടന്നിരുന്നെങ്കില്‍ പുനരധിവാസം നേരത്തെ സാധ്യമായേനെയെന്ന് ചൂണ്ടിക്കാട്ടി. ഏക്കര്‍ കണക്കിന് ഭൂമി ഉണ്ടായിരുന്നവര്‍ക്ക് വെറും 7 സെന്റ് നല്‍കുന്ന തീരുമാനം സര്‍ക്കാര്‍ തിരുത്തി കുറഞ്ഞത് 10 സെന്റ് നല്‍കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു.

വയനാട് ദുരന്തം കഴിഞ്ഞ് എട്ടുമാസം ആയിട്ടും ദുരന്തബാധിതരുടെ ഒരു കൃത്യമായ പട്ടിക തയ്യാറാക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നിലവിലെ ലിസ്റ്റ് അപാകതയുടെ കൂമ്പാരമാണെന്നദ്ദേഹം പറഞ്ഞു. ദുരന്തബാധിതരുടെ ദയനീയ അവസ്ഥകള്‍ ഒന്നൊന്നായി വിശദീകരിച്ച പ്രതിപക്ഷ നേതാവ് വയനാട് പുനരധിവാസ നടപടികള്‍ അനാവശ്യമായി ചുവപ്പ് നാടയില്‍ കുടുങ്ങി കിടക്കുന്നതായി കുറ്റപ്പെടുത്തി.

വയനാട് വിഷയത്തില്‍ കേന്ദ്രം ചെകുത്താന്‍ ആയി നില്‍ക്കുന്ന സ്ഥിതിവിശേഷം ഉള്ളതെന്ന് മറുപടി പറഞ്ഞ റവന്യൂ മന്ത്രി കുറ്റപ്പെടുത്തി. കേരളമെന്ന നാട് ഭാരതത്തിനകത്ത് അല്ല എന്ന നിലപാടുമായി കേന്ദ്രം മുന്നോട്ടുപോവുകയാണെന്നും എന്തായാലും മാര്‍ച്ച് 27ന് ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടല്‍ നടത്തുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു. തുടര്‍ വിദ്യാഭ്യാസത്തിന് ഫീസ് ഇല്ലാതെ വലയുന്ന കുട്ടികളുടെയും ചികിത്സയ്ക്ക് പണമില്ലാതെ വലയുന്ന മുതിര്‍ന്നവരുടെയും ഉള്‍പ്പെടെ ജീവിതം കൂട്ടിമുട്ടിക്കുവാന്‍ വലയുന്ന ദുരന്തബാധിതരുടെ പ്രശ്‌നങ്ങള്‍ അക്കമിട്ട് നിരത്തിയാണ് പ്രതിപക്ഷം വിഷയം സഭയില്‍ ഉയര്‍ത്തിയത്.