‘പ്രതിമ പ്രേമിയായ പ്രധാനമന്ത്രിയും സ്മാരക സ്നേഹിയായ മുഖ്യമന്ത്രിയും ‘ ; പരിഹസിച്ച് കുറിപ്പ്

Jaihind Webdesk
Friday, June 4, 2021

തിരുവനന്തപുരം : സംസ്ഥാന ബജറ്റിനെ പരിഹസിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി വി.എസ് ജോയി. കെ.ആര്‍ ഗൗരിയമ്മയ്ക്കും ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകമൊരുക്കാന്‍ രണ്ടുകോടി രൂപ വീതം അനുവദിച്ച നടപടിക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.

‘പ്രതിമ പ്രേമിയായ പ്രധാനമന്ത്രിയും സ്മാരക സ്‌നേഹിയായ മുഖ്യമന്ത്രിയും..ഈ കെട്ട കൊവിഡ് കാലത്തിന്റെ ഐശ്വര്യം’- വി.എസ് ജോയി ഫേസ്ബുക്കില്‍ കുറിച്ചു. പ്രഖ്യാപനത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വ്യാപക വിമർശനമാണുയരുന്നത്. കേന്ദ്രത്തിന്‍റെ അതേ പാത ഇടതുസർക്കാരും പിന്തുടരുന്നുവെന്നാണ് ഉയരുന്ന വിമർശനം. മഹാമാരിയുടെ കാലത്ത് സംസ്ഥാനം കടുത്ത പ്രതിസന്ധിയിലായിരിക്കുമ്പോള്‍ സ്മാരകം നിർമ്മിക്കുന്നതിനാണോ മുന്‍ഗണന നല്‍കേണ്ടതെന്നും സമൂഹമാധ്യമങ്ങള്‍ ചോദിക്കുന്നു.

സംസ്ഥാന ബജറ്റിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി. ബജറ്റ് രാഷ്ട്രീയ പ്രസംഗമാണെന്നും അതിന്‍റെ പവിത്രത ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. നയപ്രഖ്യാപനത്തിൽ പറയേണ്ടത് ബജറ്റിൽ പറഞ്ഞു. തോമസ് ഐസക് ഖജനാവിൽ ബാക്കിവെച്ചെന്ന് പറഞ്ഞ 5,000 കോടി രൂപ എവിടെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഉത്തേജക പാക്കേജ് ജനങ്ങളെ കബളിപ്പിക്കുന്നതാണ്. കരാർ, പെൻഷൻ കുടിശിക കൊടുക്കുന്നതിനെ പാക്കേജെന്ന് പറയുന്നത് കബളിപ്പിക്കലാണ്. കൊവിഡ് മൂന്നാം തരംഗം ബജറ്റിൽ ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ കൊവിഡ് പാക്കേജായ 20,000 കോടി ബജറ്റ് എസ്റ്റിമേറ്റിലില്ലെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. നീതി പുലർത്തുന്ന സമീപനമല്ല. കാപട്യം ഒളിപ്പിച്ച ബജറ്റെന്നും അദ്ദേഹം പറഞ്ഞു.