17ആം ലോക്‌സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 11 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുമാണ് ഇന്ന് വിധിയെഴുതുന്നത്.
ഒഡീഷയിലെ 35 നിയമസഭാ സീറ്റുകളിലേക്കും തമിഴ്നാട്ടിലെ 18 സീറ്റുകളിലേക്കുമുള്ള പോളിങ്ങും പുരോഗമിക്കുകയാണ്. 1,600 സ്ഥാനാർത്ഥികളുടെ വിധിയാണ് 15.80 കോടിയിലധികം വരുന്ന വോട്ടർമാർ ഇന്നു തീരുമാനിക്കുന്നത്.
തമിഴ്നാട്ടിലെ വെല്ലൂരിൽ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനാൽ സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും പുതുച്ചേരിയിലും മാത്രമാണ് വോട്ടെടുപ്പ് നടക്കുന്നത്. ത്രിപുര ഈസ്റ്റിലെ തിരഞ്ഞെടുപ്പ് ക്രമസമാധാന പ്രശ്നങ്ങൾ മൂലം 23ലേക്കും മാറ്റി.
യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍, മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം, ഡി.എം.കെ പ്രസിഡന്‍റ് എം.കെ. സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്, കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര, നടൻ രജനികാന്ത്, എ.ആർ റഹ്മാൻ, പുതുച്ചേരി ലഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദി, കമൽഹാസൻ, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി, ബംഗളുരു സെൻട്രലിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി പ്രകാശ് രാജ്, പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ, കോൺഗ്രസ് നേതാവ് സുശീൽ കുമാർ ഷിൻഡെ എന്നീ പ്രമുഖർ വോട്ട് രേഖപ്പെടുത്തി.
മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, നിഖിൽ കുമാരസ്വാമി, സുമലത, സദാനന്ദ ഗൗഡ, വീരപ്പമൊയ്‍ലി, ഹേമമാലിനി, അൻപുമണി രാംദോസ്, ഡാനിഷ് അലി, ഫാറൂഖ് അബ്ദുള്ള, സുശീൽ കുമാർ ഷിൻഡെ, അശോക് ചവാൻ, പൊൻ രാധാകൃഷ്ണൻ, കനിമൊഴി തുടങ്ങിയ പ്രമുഖര്‍ ഇന്ന് ജനവിധി തേടുകയാണ്.