സമഗ്ര പ്രവാസി പുനരധിവാസ പദ്ധതിക്ക് രൂപം നല്‍കണം; മുഖ്യമന്ത്രിക്ക് വി.എം സുധീരന്‍ കത്ത് നല്‍കി

Jaihind News Bureau
Saturday, May 9, 2020

V.M.-Sudheeran

 

തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സമഗ്ര പ്രവാസി പുനരധിവാസ പദ്ധതിക്ക് രൂപം നല്‍കേണ്ടത് അനിവാര്യമാണെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അദ്ദേഹം കത്ത് നല്‍കി.  പദ്ധതി രൂപീകരണത്തിനായി  വിവിധ തലങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഉന്നതാധികാര സമിതിക്ക് രൂപം നല്‍കുന്നത് ഉചിതമായിരിക്കും. യുക്തരായിട്ടുള്ളവരെ വിളിച്ചുവരുത്തി ആശയവിനിമയം നടത്താനുള്ള അധികാരവും ഈ സമിതിക്ക് ഉണ്ടായിരിക്കണം. മുന്‍ മുഖ്യമന്ത്രിമാരും പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ള നിയമസഭയിലെ കക്ഷിനേതാക്കളുമായി ആശയവിനിമയം നടത്തി ഒരു സമവായത്തിന്റെ അടിസ്ഥാനത്തില്‍  സമിതിക്ക് രൂപം നല്‍കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

വി.എം സുധീരന്‍  മുഖ്യമന്ത്രിക്കയച്ച കത്തിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,

കോവിഡ് ഉയര്‍ത്തുന്ന വന്‍ ഭീഷണിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി എത്താന്‍ ആഗ്രഹിക്കുന്ന പ്രവാസി സഹോദരങ്ങളെ കൊണ്ടുവരാനുള്ള സര്‍വ്വ നടപടികളും ദ്രുതഗതിയില്‍ തന്നെ മുന്നോട്ടുകൊണ്ടു പോകേണ്ടതുണ്ട്. ആവശ്യത്തിന് വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തുകയും വേണം.
സാമ്പത്തിക പ്രയാസമനുഭവിക്കുന്ന അവര്‍ തന്നെ സ്വയം യാത്ര ടിക്കറ്റിന് പണം കണ്ടത്തേണ്ടി വരുന്ന ഇപ്പോഴത്തെ ദുര്‍ഘടസാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു.

ഇറാഖ് യുദ്ധകാലത്ത് വന്‍തോതില്‍ പ്രവാസി സമൂഹത്തെ സൗജന്യമായി അന്നത്തെ കേന്ദ്ര ഗവ: നാട്ടിലെത്തിച്ചതായ മുന്‍ അനുഭവം ഓര്‍ക്കുന്നുണ്ടല്ലോ. ആ തരത്തില്‍ ഒരു നടപടിക്കായി കേന്ദ്ര സര്‍ക്കാരില്‍ ഒറ്റക്കെട്ടായിട്ടുള്ള കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടിയിരിക്കുന്നു.

അതോടൊപ്പം തന്നെ ജോലി നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസി സഹോദരങ്ങളുടെ പുനരധിവാസത്തിനായി ‘സമഗ്ര പ്രവാസി പുനരധിവാസ പദ്ധതിക്ക്’ രൂപം നല്‍കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തിനായി വിവിധ തലങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു ഉന്നതാധികാര സമിതിക്ക് രൂപം നല്‍കുന്നത് ഉചിതമായിരിക്കും. യുക്തരായിട്ടുള്ളവരെ വിളിച്ചുവരുത്തി ആശയവിനിമയം നടത്താനുള്ള അധികാരവും ഈ സമിതിക്ക് ഉണ്ടായിരിക്കണം.

മുന്‍ മുഖ്യമന്ത്രിമാരും പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ള നിയമസഭയിലെ കക്ഷിനേതാക്കളുമായി ആശയവിനിമയം നടത്തി ഒരു സമവായത്തിന്റെ അടിസ്ഥാനത്തില്‍ അത്തരമൊരു സമിതിക്ക് രൂപം നല്‍കുന്നതായിരിക്കും നല്ലത്. വേണ്ടത് ചെയ്യണമെന്ന് താത്പര്യപ്പെടുന്നു.

സ്‌നേഹപൂര്‍വ്വം

വി.എം.സുധീരന്‍
ശ്രീ പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി