പെരിയ: മുഖ്യമന്ത്രി നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു; ശിക്ഷ ഉറപ്പാക്കേണ്ടവർ കൊലയാളികളുടെ സംരക്ഷകരായി മാറുന്നത് വിചിത്രം: വി.എം സുധീരന്‍

 

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസില്‍ പ്രതികളെ രക്ഷിക്കുന്നതിന്‍റെ ഭാഗമായി സിബിഐ അന്വേഷണത്തിന് തടയിടാൻ സർക്കാർ സംവിധാനം ദുരുപയോഗപ്പെടുത്തുന്ന മുഖ്യമന്ത്രി നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. കൊലപാതകികൾക്ക് അർഹമായ ശിക്ഷ ഉറപ്പുവരുത്താൻ ബാധ്യതപ്പെട്ട സർക്കാർ തന്നെ കൊലയാളികളുടെ സംരക്ഷകരായി മാറുന്നത് വളരെയേറെ വിചിത്രമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് നടപടിയെ ശരിവെച്ച ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി വന്നിട്ടും പിന്നീടത് ശരിവെച്ച് ഡിവിഷൻ ബെഞ്ച് ഉത്തരവുണ്ടായിട്ടും കേസ് ഡയറിയും മറ്റു ബന്ധപ്പെട്ട രേഖകളും സിബിഐക്ക് കൈമാറാൻ തയ്യാറാകാത്ത പൊലീസ് നടപടി മാപ്പർഹിക്കാത്ത അതിഗുരുതരമായ വീഴ്ചയാണ്. സിബിഐ അന്വേഷണത്തെ സിപിഎം നേതൃത്വം ഭയപ്പെടുന്നു എന്നതാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. പിണറായി സർക്കാരിൽ നിന്നും ജനങ്ങൾക്ക് നീതി ലഭിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ സർക്കാർ ആവർത്തിച്ചു നൽകുന്നത്- വി.എം സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Comments (0)
Add Comment