മുഖ്യമന്ത്രി ഭിന്നിപ്പിന്‍റെ വക്താവാകുന്നു, യാത്രാചെലവ് ഏറ്റെടുത്ത കെപിസിസിയെ പരിഹസിച്ചത് തരംതാഴ്ന്ന നടപടി: വി.എം സുധീരന്‍

 

കോവിഡ് പ്രതിരോധരംഗത്ത് ഇനിയുമേറെ കടമ്പകള്‍ തരണം ചെയ്യാനുള്ളപ്പോള്‍ കേരളത്തിലെ സർക്കാർ സംവിധാനത്തെയും ജനങ്ങളെയും ഒറ്റക്കെട്ടായി അണിനിരത്തുന്നതിനു നേതൃത്വപരമായ പങ്കു വഹിക്കേണ്ട മുഖ്യമന്ത്രി  തനിക്ക് ഇഷ്ടമില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നേതാക്കളെയും അധിക്ഷേപിക്കാനും പരിഹസിക്കാനുമാണ് ശ്രമിക്കുന്നതെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. എല്ലാരെയും ഒന്നിപ്പിക്കേണ്ട ആൾ തന്നെ ഭിന്നിപ്പിന്‍റെ വക്താവാകുന്ന വൈരുധ്യമാണ് കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിഥി തൊഴിലാളികളുടെ യാത്രാചെലവ് അതാത് പി സി സി കൾ വഹിക്കണമെന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദ്ദേശത്തെത്തുടർന്ന് അതിന് മുന്നോട്ടുവന്ന കെപിസിസിയെ പരിഹസിച്ച മുഖ്യമന്ത്രിയുടെ നിലപാട് വളരെ തരംതാഴ്ന്ന നടപടിയായിപ്പോയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അതിഥി തൊഴിലാളികൾക്കും സംസ്ഥാന സർക്കാരിനും ആശ്വാസകരമായ റെയിൽവേയുടെ ഈ കരണംമറിച്ചിലിന് ഇടവരുത്തിയ സോണിയാഗാന്ധിയെയും കോൺഗ്രസിനെയും അഭിനന്ദിക്കുന്നതിനു പകരം കെപിസിസിയെ പരിഹസിക്കാനും അധിക്ഷേപിക്കാനും മുന്നോട്ടുവന്ന മുഖ്യമന്ത്രി പിണറായി അതിലൂടെ താൻ വഹിക്കുന്ന പദവിക്കാണ് കളങ്കം ഉണ്ടാക്കിയതെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

 

കോവിഡ് പ്രതിരോധരംഗത്ത് കേരളം ഏറെ മുന്നോട്ടു പോയെങ്കിലും ഇനിയും നമുക്ക് തരണം ചെയ്യാനുള്ളത് വലിയ കടമ്പകളാണ്.  പ്രവാസി സഹോദരങ്ങളെ അവർക്ക് സാമ്പത്തികബാധ്യത വരാതെ തിരിച്ചെത്തിക്കാൻ വേണ്ട സാഹചര്യം ഒരുക്കുക, അവർക്ക് അനിവാര്യമായ ക്വാറന്റീൻ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും കുറ്റമറ്റ രീതിയിൽ ഏർപ്പെടുത്തുക, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാനാഗ്രഹിക്കുന്ന സഹോദരങ്ങൾക്ക് അതിനുള്ള സമ്പൂർണ്ണ സൗകര്യങ്ങൾ ചെയ്തു കൊടുക്കുക തുടങ്ങിയ വളരെയേറെ ശ്രമകരമായ കാര്യങ്ങൾ ഇനിയും ചെയ്തുതീർക്കാനുണ്ട്.
എന്നാൽ കേരളത്തിലെ സർക്കാർ സംവിധാനത്തെയും ജനങ്ങളെയും ഒറ്റക്കെട്ടായി ഇതിനെല്ലാം അണിനിരത്തുന്നതിനു നേതൃത്വപരമായ പങ്കു വഹിക്കേണ്ട ബഹു മുഖ്യമന്ത്രി ആകട്ടെ തനിക്ക് ഇഷ്ടമില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നേതാക്കളെയും അധിക്ഷേപിക്കാനും പരിഹസിക്കാനുമാണ് ഇപ്പോഴും ശ്രമിച്ചു വരുന്നത്. എല്ലാരെയും ഒന്നിപ്പിക്കേണ്ട ആൾ തന്നെ ഭിന്നിപ്പിന്റെ വക്താവകുന്ന വൈരുധ്യമാണ് ഇതിൽ കാണുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന സായാഹ്ന വാർത്താ സമ്മേളനങ്ങളും ‘നാം മുന്നോട്ട് ‘ എന്ന സർക്കാർ പ്രചരണപരിപാടിയുമാണ് ഇതിനെല്ലാം ദുരുപയോഗപ്പെടുത്തുന്നത്. അതിഥി തൊഴിലാളികളുടെ യാത്രാചെലവ് അതാത് പി സി സി കൾ വഹിക്കണമെന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദ്ദേശത്തെത്തുടർന്ന് അതിന് മുന്നോട്ടുവന്ന കെപിസിസിയെ പരിഹസിച്ച മുഖ്യമന്ത്രിയുടെ നിലപാട് വളരെ തരംതാഴ്ന്ന നടപടിയായിപ്പോയി.

അതിഥി തൊഴിലാളികളുടെ യാത്ര സംബന്ധമായി റെയിൽവേ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ ഉത്തരവിലെ പതിനൊന്നാം ഇനത്തിൽ ടിക്കറ്റ് വിൽപ്പനയെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. അതുപ്രകാരം റെയിൽവേ പ്രിന്റ് ചെയ്യുന്ന ടിക്കറ്റ് അതാത് സംസ്ഥാന സർക്കാരുകളെ ഏൽപ്പിക്കുമെന്നും അവരത് തൊഴിലാളികൾക്ക് കൈമാറി യാത്രാക്കൂലി അവരിൽ നിന്നും സമാഹരിച്ച് റെയിൽവേയെ ഏൽപ്പിക്കണം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. നിരാലംബരായ അതിഥി തൊഴിലാളികൾ തന്നെ അവരുടെ യാത്രാക്കൂലി വഹിക്കേണ്ടി വരുന്ന ദയനീയാവസ്ഥ മനസ്സിലാക്കിയാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അതെല്ലാം അതാത് പി സി സികൾ ഏറ്റെടുക്കണമെന്ന് നിർദേശിച്ചതും അതിനായി കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ മുന്നോട്ടു വന്നതും. സോണിയാ ഗാന്ധിയുടെ ഈ നിർദ്ദേശം വന്നതോടെ റെയിൽവേയുടെ തൊഴിലാളി വിരുദ്ധ നിലപാട് തുറന്നു കാണിക്കപ്പെട്ടു. അതിന്റെ ജാള്യതയിലാണ് റെയിൽവേ യാത്ര ചെലവിന്റെ 15% മാത്രമേ തങ്ങൾ ഈടാക്കുന്നുള്ളു എന്നും തൊഴിലാളികൾക്ക് നേരിട്ട് ടിക്കറ്റ് നൽകുന്നില്ലെന്നും പിന്നീട് വിശദീകരിക്കേണ്ടി വന്നത്.
അതിഥി തൊഴിലാളികൾക്കും സംസ്ഥാന സർക്കാരിനും ആശ്വാസകരമായ റെയിൽവേയുടെ ഈ കരണംമറിച്ചിലിന് ഇടവരുത്തിയ സോണിയാ ഗാന്ധിയെയും കോൺഗ്രസിനെയും അഭിനന്ദിക്കുന്നതിന്നു പകരം കെപിസിസിയെ പരിഹസിക്കാനും അധിക്ഷേപിക്കാനും മുന്നോട്ടുവന്ന മുഖ്യമന്ത്രി പിണറായി അതിലൂടെ താൻ വഹിക്കുന്ന പദവിക്കാണ് കളങ്കം ഉണ്ടാക്കിയത്.

Comments (0)
Add Comment