മനുഷ്യസ്നേഹിയായ ആത്മീയാചാര്യന്‍ ; മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിയെ അനുസ്മരിച്ച് വി.എം സുധീരന്‍

Jaihind Webdesk
Wednesday, May 5, 2021

 

തിരുവനന്തപുരം : കാലം ചെയ്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിയെ അനുസ്മരിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. മനുഷ്യനന്മയ്ക്ക് വേണ്ടി എന്നെന്നും നിലകൊണ്ട മനുഷ്യസ്നേഹിയായ ആത്മീയാചാര്യനാണ് ക്രിസോസ്റ്റം തിരുമേനിയെന്ന് വി.എം സുധീരന്‍ അനുസ്മരിച്ചു.

‘തെറ്റായ നടപടികൾ ഏത് ഭാഗത്തുനിന്നുണ്ടായാലും സ്വതസിദ്ധമായ ശൈലിയിൽ അതെല്ലാം ചൂണ്ടിക്കാണിക്കുകയും തിരുത്താൻ പ്രേരിപ്പിക്കുകയും ചെയ്ത സമൂഹത്തിൻ്റെ ഉത്തമനായ മാർഗ്ഗദർശിയുമായിരുന്നു വലിയ തിരുമേനി. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളും ആശയവിനിമയവും മറക്കാനാവാത്ത ഹൃദ്യമായ അനുഭവമായി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

നിർണ്ണായകമായ പല സന്ദർഭങ്ങളിലും അദ്ദേഹം നൽകിയ അനുഗ്രഹവും പിന്തുണയും കടപ്പാടോടെ ഓർക്കുന്നു. നമ്മുടെ ധാർമിക കരുത്തായ, എല്ലാവരും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട വലിയ തിരുമേനിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു’- വി.എം സുധീരന്‍ അനുസ്മരിച്ചു.