വിഴിഞ്ഞം സമരം ഏഴാം ദിവസം: കടലിലും കരയിലും പ്രതിഷേധം; മുഖ്യമന്ത്രി ചർച്ചയ്ക്ക് തയാറാകണമെന്ന് സമരക്കാർ

Jaihind Webdesk
Monday, August 22, 2022

 

തിരുവനന്തപുരം: തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ത്തി വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം ഏഴാം ദിവസവും ശക്തമായി തുടരുന്നു. സമരം ശക്തമായ സാഹചര്യത്തിൽ പുനരധിവാസത്തിന് മന്ത്രിസഭാ യോഗം പ്രത്യേക നിർദേശങ്ങൾ മുന്നോട്ടുവെച്ചു. എന്നാൽ യോഗ തീരുമാനങ്ങൾ എല്ലാം പഴയതാണെന്ന് ലത്തീൻ അതിരൂപതയുടെ പ്രതികരിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി ചർച്ചയ്ക്ക് തയാറാവണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

സമരത്തിന്‍റെ ഏഴാം ദിനമായ ഇന്ന് കരമാ‍ഗവും കടൽ മാ‍ഗവും സമരക്കാര്‍ തുറമുഖനിർമാണം ഉപരോധിച്ചു.  പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമാറ്റിയ സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം എല്ലാ ഗേറ്റുകളും മറികടന്നു. സമരക്കാരിൽ ഒരു സംഘം കടൽ മാർഗം തുറമുഖ നിർമാണം നടക്കുന്ന പ്രദേശം വളഞ്ഞു. ബാരിക്കേഡുകളും ഗേറ്റുകളും മറികടന്ന സമരക്കാ‍ര്‍ പദ്ധതി പ്രദേശത്തെ ടവറിന് മുകളിൽ കൊടി നാട്ടി.

സമരം ശക്തമായതോടെ മന്ത്രിസഭാ ഉപസമിതി യോഗം ചേർന്നു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്‍റെ എട്ടേക്കറും തിരുവനന്തപുരം നഗരസഭയുടെ രണ്ട് ഏക്കറും വിട്ടു നൽകും. രണ്ടു സ്ഥലങ്ങളിലുമായി 3,000 മത്സ്യത്തൊഴിലാളികളെ താമസിപ്പിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ക്യാമ്പുകളിൽ താമസിക്കുന്ന 335 കുടുംബങ്ങൾക്ക് ആദ്യ പരിഗണന നൽകും. അവരെ വാടകവീടുകളിലേക്ക് ഉടൻ മാറ്റും. വാടക സർക്കാർ നൽകും. മൃഗസംരക്ഷണ വകുപ്പിന് ജയിൽ വകുപ്പിന്‍റെ ഭൂമി പകരം നൽകാനും യോഗത്തിൽ ധാരണയായി.

എന്നാല്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ പഴയതുതന്നെയാണെന്നാണ് ലത്തീൻ അതിരൂപതയുടെ പ്രതികരണം. വിഷയത്തില്‍ മുഖ്യമന്ത്രി ചർച്ചയ്ക്ക് തയാറാവണമെന്നും രൂപത പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകും വരെ സമരം തുടരുമെന്നും ലത്തീൻ അതിരൂപത വ്യക്തമാക്കി