വിഴിഞ്ഞം സമരം; ആർച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി രണ്ടു കേസുകള്‍ കൂടി എടുത്ത് പോലീസ്

Jaihind Webdesk
Thursday, December 1, 2022

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട്ബിഷപ്പിനെ ഒന്നാം പ്രതിയാക്കി രണ്ട് കേസുകള്‍ കൂടി എടുത്ത് പോലീസ്. തുറമുഖ നിർമാണത്തെ തടസപ്പെടുത്തുന്ന രീതിയിൽ സമരം നടത്തിയതിനും നിർമാണം നടക്കുന്ന പ്രദേശത്തേക്ക് അതിക്രമിച്ച് കയറിയതിനുമാണ്പുതിയ കേസുകള്‍. ഇതോടെ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റൊയെ പ്രതിയാക്കി റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം മൂന്നായി.

നവംബർ 27ന് വിഴിഞ്ഞത്ത് നടന്ന സമരവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിന്‍റെ പേരിൽ ആർച്ച് ബിഷപ്പിനെ പ്രതിയാക്കി കേസെടുത്തിരുന്നു.  ഇതിൽ പ്രതിഷേധിച്ചാണ് സമരസമിതി പ്രവർത്തകർ വിഴിഞ്ഞം സ്റ്റേഷൻ വളഞ്ഞതും അക്രമസംഭവങ്ങള്‍ അരങ്ങേറിയതും. ഇതിന്‍റെ തുടർച്ചയായാണ് രണ്ട് കേസുകള്‍ കൂടി ബിഷപ്പിനെ പ്രതിയാക്കി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹൈക്കോടതി വിധി ലംഘിച്ച് സമരക്കാര്‍ തുറമുഖനിർമാണം തടസപ്പെടുത്തിയെന്ന് പോലീസ് എഫ്ഐആറില്‍ പറയുന്നു. കേസുകളില്‍ സഹായ മെത്രാൻ ക്രിസ്തുദാസ് രണ്ടാം പ്രതിയും വികാരി ജനറൽ യൂജിൻ എച്ച് പെരേര മൂന്നാം പ്രതിയുമാണ്. ഏഴ് പുരോഹിതരെയും സമരക്കാരെയും  പ്രതി ചേർത്തിട്ടുണ്ട്. പിരിഞ്ഞു പോകണമെന്ന പോലീസിന്‍റെ നിർദേശം സമരക്കാർ മുഖവിലയ്ക്കെടുത്തില്ലെന്നും എഫ്ഐആറിൽ പറയുന്നു.