ഉമ്മന്‍ ചാണ്ടിയുടെ സ്വപ്നപദ്ധതി ഇനി വിശ്വരൂപത്തിലേക്ക്; വിഴിഞ്ഞം രണ്ടാം ഘട്ട നിര്‍മ്മാണത്തിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Jaihind News Bureau
Saturday, January 24, 2026

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദീര്‍ഘവീക്ഷണത്തിലൂടെ അടിത്തറ പാകിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിഭാവനം ചെയ്ത ‘വിഴിഞ്ഞം സ്വപ്നം’ യാഥാര്‍ത്ഥ്യമായതിന് പിന്നാലെ, ലോകോത്തര ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബായി തുറമുഖത്തെ മാറ്റുന്ന നിര്‍ണ്ണായക ചുവടുവെപ്പാണ് ഇന്ന് നടക്കുന്നത്.

ഏകദേശം 10,000 കോടി രൂപ ചെലവഴിച്ചാണ് ഈ ഘട്ടത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. 2028-ഓടെ തുറമുഖം പൂര്‍ണ്ണ സജ്ജമാക്കുകയാണ് ലക്ഷ്യം. നിലവില്‍ ഒരു മില്യണ്‍ ടി.ഇ.യു കണ്ടെയ്നര്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള തുറമുഖം, രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ അഞ്ച് മില്യണ്‍ ടി.ഇ.യുവിലേക്ക് വളരും. മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, റെയില്‍വേ യാര്‍ഡ്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയുള്‍പ്പെടെയുള്ള ബൃഹദ് സംവിധാനങ്ങളാണ് ഈ ഘട്ടത്തില്‍ ഒരുങ്ങുന്നത്.

വിഴിഞ്ഞത്തിന്റെ നാഴികക്കല്ലുകള്‍ പരിശോധിച്ചാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം പ്രകടമാണ്. 2015 ഡിസംബര്‍ 5-ന് ഉമ്മന്‍ ചാണ്ടിയാണ് ഈ പദ്ധതിക്ക് തറക്കല്ലിട്ടത്. അന്ന് നേരിട്ട രാഷ്ട്രീയ പ്രതിസന്ധികളെയും ആരോപണങ്ങളെയും അതിജീവിച്ച് അദ്ദേഹം തുറന്ന വികസനത്തിന്റെ വഴിയിലൂടെയാണ് ഇന്ന് കേരളം സഞ്ചരിക്കുന്നത്. 2023-ല്‍ ആദ്യ ചൈനീസ് കപ്പല്‍ എത്തിയതും, 2024-ല്‍ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയതും ഈ പദ്ധതിയുടെ വിജയമായി രാഷ്ട്രീയ കേരളം കാണുന്നു.

2025-ല്‍ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലായ ‘എം.എസ്.സി ഐറിന’ ഉള്‍പ്പെടെ 700-ലധികം കപ്പലുകള്‍ ഇതിനകം വിഴിഞ്ഞത്ത് നങ്കൂരമിട്ടു കഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ നിലവിലുള്ള 800 മീറ്റര്‍ ബെര്‍ത്ത് 2000 മീറ്ററായി ഉയര്‍ത്തുന്നതോടെ ഒരേസമയം നാല് കൂറ്റന്‍ മദര്‍ഷിപ്പുകളെ സ്വീകരിക്കാന്‍ വിഴിഞ്ഞത്തിന് ശേഷിയുണ്ടാകും. അധികമായി ഭൂമി ഏറ്റെടുക്കാതെ, കടല്‍ നികത്തിക്കൊണ്ടുള്ള അത്യാധുനിക നിര്‍മ്മാണ രീതിയാണ് ഇതിനായി അവലംബിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക അടിത്തറ മാറ്റാന്‍ ശേഷിയുള്ള വിഴിഞ്ഞം പ്രോജക്റ്റ് 2028-ല്‍ പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമായി ഇത് മാറും.