കാറിന് പകരം പണം ആവശ്യപ്പെട്ട് മർദ്ദനം ; വിസ്മയയുടെ മരണം കൊലപാതകമെന്ന് ആവർത്തിച്ച്  കുടുംബം

Jaihind Webdesk
Tuesday, June 22, 2021

കൊല്ലം :  ശൂരനാട്ടെ വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആവർത്തിച്ച്  കുടുംബം. കാറിന് പകരം പണം ആവശ്യപ്പെട്ട് വിസ്മയയെ കിരണ്‍കുമാര്‍‌ മര്‍‌ദിച്ചു. കാറും ഒരേക്കര്‍ സ്ഥലവും നൂറുപവന്‍ സ്വര്‍ണവുമാണ് വിവാഹത്തിന് നല്‍കിയതെന്നും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍നായര്‍ പറഞ്ഞു. കാറിനെച്ചൊല്ലിയാണ് ഭര്‍ത്താവ് കിരണ്‍കുമാര്‍ വിസ്മയയെ മര്‍ദിച്ചത്. പതിനൊന്നു ലക്ഷം രൂപയുടെ കാറിന് പകരം പണം ആവശ്യപ്പെട്ടതായി വിസ്മയയുടെ വാസ്ട്ആപ്പ് ചാറ്റുകളിലും ഉണ്ടായിരുന്നു. മകളുടെ മരണം കൊലപാതകമെന്നാവര്‍ത്തിക്കുകയാണ് വിസ്മയയുടെ അച്ഛന്‍.

അതേസമയം സംഭവത്തിൽ ഭർത്താവ് കിരണ്‍ കുമാറിന്‍റെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്നലെ രാത്രിയോടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെടര്‍ ആയ കിരണ്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിസ്മയയുടെ ബന്ധുക്കളുടെ പരാതി സംബന്ധിച്ച് കിരണ്‍ കുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ശൂരനാട് പൊലീസ് അറിയിച്ചു. കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കാനും പൊലീസ് നീക്കം.