വിസാ കാലാവധി : ഓഗസ്റ്റ് 17 ന് മുമ്പ് യു.എ.ഇ വിടുക ; അല്ലെങ്കില്‍ പിഴ അടയ്ക്കാന്‍ തയാറാവുക ; ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇയിലെ ഇന്ത്യന്‍ എംബസി

Jaihind News Bureau
Wednesday, July 22, 2020

ദുബായ് : യു.എ.ഇയില്‍ മാര്‍ച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവര്‍ഓഗസ്റ്റ് 17 ന് മുമ്പ് രാജ്യം വിടണമെന്ന നിയമം എല്ലാവരും പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. അല്ലാത്തവര്‍ പിഴ നല്‍കാന്‍ ബാധ്യസ്ഥരാണെന്നും യു.എ.ഇയിലെ ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഇക്കാലയളവില്‍ വിസ മാറ്റം ചെയ്യേണ്ടവര്‍ ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കണം. യു.എ.ഇയിലെ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള എല്ലാ വിദേശികള്‍ക്കായി യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പിഴ ഒഴിവാക്കല്‍ പദ്ധതി എല്ലാവര്‍ക്കും ആശ്വാസകരമാന്‍ വേണ്ടിയാണ് ഈ പ്രഖ്യാപനം. ഇതനുസരിച്ച് 2020 മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി കഴിഞ്ഞ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും 2020 ഓഗസ്റ്റ് 17 വരെ പിഴ ഇല്ലാതെ രാജ്യം വിടാനുള്ള അവസരമാണ് അധികൃതര്‍ നേരത്തെ പ്രഖ്യാപിച്ചത്.

ഇന്ത്യയിലേക്കുള്ള യാത്രാ തീയതി ലഭിക്കാനുള്ള നടപടി പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് ഏഴ് പ്രവൃത്തി ദിവസമെങ്കിലും വേണമെന്നും അതിനാല്‍ ഇത്തരക്കാര്‍ രേഖകള്‍ സഹിതം എംബസി – കോണ്‍സുലേറ്റ് അധികാരികളെ ഉടന്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.