തമിഴ്നാട്ടില്‍ നിന്നെത്തിയ തൊഴിലാളികളെ ക്വാറന്‍റൈന്‍ ചെയ്യാതെ ജോലിയില്‍ പ്രവേശിപ്പിച്ചു; തിരുവനന്തപുരം രാമചന്ദ്രന്‍ ടെക്സ്റ്റൈല്‍സിനെതിരെ കേസ് | Video Story

Jaihind News Bureau
Sunday, June 14, 2020

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്നെത്തിയ തൊഴിലാളികളെ ക്വാറന്‍റൈൻ ചെയ്യാതെ ജോലിയിൽ പ്രവേശിപ്പിച്ചതിന് തിരുവനന്തപുരം രാമചന്ദ്രൻ ടെക്‌സ്‌റ്റൈൽസിനെതിരെ കേസ്. ജീവനക്കാരെ പാർപ്പിച്ച സ്ഥലത്ത് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. 29 തൊഴിലാളികളെ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റി.

വെള്ളിയാഴ്‌ച രാവിലെ തമിഴ്‌നാട്ടിൽ നിന്നെത്തിയ ജീവനക്കാരെ പഴവങ്ങാടിയിലെ ടെക്‌സ്റ്റൈൽ അധികൃതർ ജോലിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിരവധി തൊഴിലാളികൾ എത്തിയവരിൽ ഒരു വിഭാഗത്തെയാണ് ഇവർ ജോലിക്ക് നിയോഗിച്ചത്. തമിഴ്‌നാട്ടിലെ റെഡ് സോൺ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നുള്ള 29 തൊഴിലാളികളാണ് രാമചന്ദ്രൻ ടെക്‌സ്‌റ്റൈൽസിൽ ജോലിക്കെത്തിയത്.

നിരവധി ആളുകളെത്തുന്ന കടയിൽ ജോലി ചെയ്ത ശേഷം രാത്രി ഹോസ്റ്റലിലേക്ക് ലഗേജുമായി പോകുമ്പോഴാണ് ഇക്കാര്യം സമീപവാസികളുടെ ശ്രദ്ധയിൽ പെട്ടത്. ഇതോടെയാണ് ക്വാറന്‍റൈൻ മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് ബോധ്യമായത്. ഇതോടെ സമീപത്തുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസിനെയും വിളിച്ചു വരുത്തി. ഫോർട്ട് പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തൊഴിലാളികൾ എത്തിയത് എവിടെ നിന്നാണെന്ന് അന്വേഷിച്ചു. മതിയായ രേഖകളില്ലാതെയാണ് തൊഴിലാളികൾ എത്തിയതെന്ന് അറിഞ്ഞതോടെ സംഘത്തെ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റി.
ടെക്‌സ്‌റ്റൈൽ ഉടമകൾക്കെതിരെ കേസെടുത്തതായി ഫോർട്ട് പൊലീസ് അറിയിച്ചു.

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൂടുതൽ തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നതായി സമീപവാസികൾ ആരോപിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളാണ് ഇവിടെ കൂടുതലും ജോലി ചെയ്യുന്നത്. തലസ്ഥാനത്തെ തിരക്കുള്ള ടെക്‌സ്‌റ്റെയിൽ സ്ഥാപനം ആയതിനാലും തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപകമാണ് എന്നതിനാലും തൊഴിലാളികളെ ക്വാറന്‍റൈനിൽ പാർപ്പിക്കാത്തത് വൻ വീഴ്‌ചയായാണ് വിലയിരുത്തുന്നത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാണ് കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്നെന്ന് ആരോപണം ഉയരുന്നുണ്ട്.

നേരത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് രാമചന്ദ്രയുടെ അട്ടകുളങ്ങരയിലെ മാൾ പ്രവർത്തിക്കുന്നത് എന്ന ആക്ഷേപം ഉയർന്നിരുന്നു. അട്ടക്കുളങ്ങരയിലെ ഏഴ് നിലയുള്ള രാമചന്ദ്രൻ ടെക്‌സ്‌റ്റൈൽസില്‍ ലോക്ക്ഡൗൺ കാലത്തും കച്ചവടം പൊടിപൊടിക്കുകയാണ്. മാളിന്‍റെ ഭാഗമായ സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നതിന്‍റെ മറവിലാണ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.