കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്വീകരണ പരിപാടിയിൽ കൊവിഡ് മാനദണ്ഡങ്ങളുടെ പരസ്യമായ ലംഘനം. മുഖ്യമന്ത്രിയുടെ സ്വീകരണത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത് ഇരുനൂറിലേറെപ്പേർ. മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ജനപ്രതിനിധികളും, പാർട്ടി നേതാക്കളും ഉൾപ്പടെ വൻ സംഘമാണ് എത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സർക്കാർ തന്നെ പറയുമ്പോഴാണ് മുഖ്യമന്ത്രിയുടെ സ്വീകരണ പരിപാടിയിൽ തന്നെ ഇതിന്‍റെ ലംഘനം ഉണ്ടായത്.
എല്‍ഡിഎഫിന്‍റെ ഭരണത്തുടര്‍ച്ചയെ തുടര്‍ന്ന് രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് എൽഡിഎഫ് ജില്ലാ കമ്മിറ്റിയാണ് സ്വീകരണം നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റില്‍ പറത്തിയായിരുന്നു സ്വീകരണം. ഇരുനൂറിൽ അധികം പേരാണ് വിമാനത്താവളത്തിൽ എത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന സർക്കാർ നിർദ്ദേശം മുഖ്യമന്ത്രിയും നേതാക്കളും ലംഘിക്കുന്നതിനാണ് കണ്ണൂർ വിമാനത്താവളം സാക്ഷ്യം വഹിച്ചത്.
കണ്ണൂർ വിമാനത്താവളത്തിൽ എം.വി ജയരാജൻ, പി ജയരാജൻ, പി.കെ ശ്രീമതി, സി.എൻ ചന്ദ്രൻ , കെ.പി മോഹനൻ, കെ.പി സഹദേവൻ, കെ.കെ ശൈലജ എന്നിവർ ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കൾ മുഖ്യമന്ത്രിയെ സ്വീകരിച്ചു. കാരപേരാവൂർ, പാലയോട്, കീഴല്ലൂർ, തട്ടാരി, ചമ്പാട്, ഓടക്കാട് തുടങ്ങി പത്തിലധികം ഇടങ്ങളിൽ ജനങ്ങൾ അണിനിരന്ന മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്തു. മുഖ്യമന്ത്രിക്ക് ഒപ്പം മന്ത്രി മുഹമ്മദ് റിയാസും ഉണ്ടായിരുന്നു.