‘ജനനായകന്’ നിര്‍ണായകം; വിജയ് ചിത്രത്തിന്റെ സെന്‍സര്‍ തര്‍ക്കത്തില്‍ കോടതി വിധി ഇന്ന്

Jaihind News Bureau
Friday, January 9, 2026

ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ് നായകനായ ‘ജനനായകന്‍’ എന്ന ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് നിര്‍ണ്ണായക വിധി പറയും. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വൈകിപ്പിക്കുന്ന സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ നിര്‍മ്മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പ്രസ്താവിക്കുന്നത്.

നേരത്തെ കേസ് പരിഗണിക്കവേ സെന്‍സര്‍ ബോര്‍ഡിന്റെ നടപടികളെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ഉറപ്പുനല്‍കിയ ശേഷം ചിത്രം പെട്ടെന്ന് റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത് എന്തിനാണെന്ന് ജസ്റ്റിസ് പി.ടി. ആശ ചോദിച്ചു. കമ്മിറ്റിയിലെ അംഗം തന്നെ പരാതിക്കാരനാകുന്നത് ശരിയായ പ്രവണതയല്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് മുന്‍പ് എപ്പോള്‍ വേണമെങ്കിലും ചെയര്‍മാന് ഇടപെടാന്‍ അധികാരമുണ്ടെന്നാണ് സി.ബി.എഫ്.സി സ്വീകരിച്ച നിലപാട്.

ഇന്നാണ് ചിത്രം തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. നിയമപോരാട്ടം നീളുന്ന സാഹചര്യത്തില്‍ പൊങ്കല്‍ റിലീസായി ജനുവരി 14-നോ അല്ലെങ്കില്‍ 23-നോ ചിത്രം പുറത്തിറക്കാനാണ് നിര്‍മ്മാതാക്കളുടെ നീക്കം. ഇന്നത്തെ കോടതി വിധി നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായാലും സെന്‍സര്‍ ബോര്‍ഡ് അപ്പീല്‍ നല്‍കാന്‍ സാധ്യതയുണ്ട്. ഇത് വിജയ് ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.