കണ്ണൂര്‍: എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ്. പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാൻ പരാതിക്കാരനായ പ്രശാന്തിന് കഴിഞ്ഞില്ലെന്നും വിജിലൻസ് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച റിപ്പോർട്ട് നൽകും. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പിയാണ് അന്വേഷണം നടത്തിയത്.
പെട്രോൾ പമ്പിന് അനുമതി നൽകുന്നതിനായി കൈക്കൂലി നൽകിയെന്നായിരുന്നു പെട്രോൾ പമ്പിന്‍റെ അപേക്ഷകനായിരുന്ന പ്രശാന്തിന്‍റെ ആരോപണം. സംഭവത്തിൽ കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു വിജിലൻസ് സ്പെഷൽ സെല്ലിന് നിർദേശം നൽകിയിരുന്നത്.
നവീൻ ബാബുവിനെ കണ്ണൂരിലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ എഡിഎമ്മിന് നൽകിയ യാത്രയയപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി.ദിവ്യ എഡിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. വിമർശനം ചർച്ചയായതിന് പിന്നാലെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.