കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ പ്രകാരം കുറ്റകരം: സുപ്രധാന വിധിയുമായി സുപ്രീംകോടതി

Jaihind Webdesk
Monday, September 23, 2024

ഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമാണെന്ന് സുപ്രീം കോടതി. കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി. ഇത്തരം ദൃശ്യങ്ങള്‍ കൈവശം വയ്ക്കുന്നതും കുറ്റകരമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ എന്ന് പറയുന്നത് മാറ്റണമെന്നും പകരം ലൈംഗിക ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്തുക്കള്‍ എന്നാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ പാര്‍ലമെന്റിനോട് കോടതി ആവശ്യപ്പെട്ടു.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് വിധി പറഞ്ഞിരിക്കുന്നത്. വിധി പുറപ്പെടുവിക്കുന്നതില്‍ ഹൈക്കോടതി ഗുരുതര പിഴവ് വരുത്തിയതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ചൈല്‍ഡ് പോണോഗ്രഫി ഡൗണ്‍ലോഡ് ചെയ്ത് തന്റെ പക്കല്‍ സൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും ഇത് മറ്റാര്‍ക്കും അയച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഒരാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പോക്‌സോ നിയമത്തില്‍ മാറ്റം വരുത്തണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഒരാളുടെ സ്വകാര്യ ഇലക്ട്രോണിക് ഉപകരണത്തില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്യുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നു. ഇത് പോക്‌സോ നിയമപ്രകാരവും ഐടി നിയമപ്രകാരവും ക്രിമിനല്‍ വിഭാഗത്തില്‍ പെടുന്നില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.