കണ്ണൂരില്‍ കോടതി നടപടിക്കിടെ പ്രതികളുടെ ദൃശ്യം ചിത്രീകരിച്ചതിന് സിപിഎം വനിതാ നേതാവിന് പിഴയൊടുക്കാന്‍ കോടതി ഉത്തരവ്. സിപിഎം നേതാവും പയ്യന്നൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്‌സണുമായ ജ്യോതിയെയാണ് തളിപ്പറമ്പ് അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ശിക്ഷിച്ചത്.
സിപിഎം പ്രവര്‍ത്തകനായ സി.വി. ധനരാജ് കൊലക്കേസിലെ വിചാരണ നടപടികള്‍ തളിപ്പറമ്പ് അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ജ്യോതി, കോടതിക്കുള്ളില്‍ വെച്ച് കേസിലെ പ്രതികളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. കോടതി നടപടികള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ചിത്രങ്ങള്‍ എടുക്കുന്നതും കോടതിയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്.
ദൃശ്യം ചിത്രീകരിച്ചതിന് പിന്നാലെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുകയും, കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്തതിന് ജ്യോതിയെ അറസ്റ്റ് ചെയ്യാന്‍ അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്ജി ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് ജ്യോതിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
പിന്നീട് കേസിന്റെ ഗൗരവം പരിഗണിച്ച്, കോടതി നിയമങ്ങള്‍ ലംഘിച്ചതിന് പിഴയൊടുക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കണ്ണൂരിലെ പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനായിരുന്ന സി.വി. ധനരാജിനെ 2016-ലാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.