വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ വേണ്ടെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷൻ

Jaihind Webdesk
Tuesday, April 27, 2021

ന്യൂഡൽഹി : വോട്ടെണ്ണൽ ദിവസത്തെ എല്ലാ ആഹ്ലാദപ്രകടനങ്ങളും നിരോധിച്ച് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷൻ. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ദിവസങ്ങളിലും നിരോധനം നിലനിൽക്കും. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം. തെരഞ്ഞെടുപ്പ് കഴിഞ്ഞ കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസാം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് തീരുമാനം ബാധകം.

തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ മദ്രാസ് ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനത്തിന് കാരണം കമ്മിഷൻ ആണെന്നായിരുന്നു കോടതിയുടെ പരാമർശം. രാഷ്ട്രീയ പാർട്ടികളെ റാലികളും വലിയ ജനസംഗമങ്ങളും നടത്തിക്കാതെ നിലയ്‌ക്ക് നിർത്താൻ കഴിയാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതക കുറ്റം ചുമത്തണമെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഉത്തരവാദിത്തമില്ലാത്ത ഭരണഘടന സ്ഥാപനമെന്നാണ് കമ്മിഷനെ കോടതി വിശേഷിപ്പിച്ചത്.

ഇപ്രകാരമാണ് സമീപനമെങ്കിൽ മേയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപ്പിക്കാൻ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞിരുന്നു. അല്ലെങ്കിൽ കൃത്യമായ കൊവിഡ് 19 മാനദണ്ഡങ്ങൾ ഏന്തെല്ലാമെന്ന് ബോദ്ധ്യപ്പെടാൻ കോടതി ആവശ്യപ്പെടുകയും ചെയ്‌തു.