കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയില്‍ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. എഡിഎമ്മിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ടാണ് പി.പി.ദിവ്യ ജയിലില്‍ കഴിയുന്നത്. എഡിഎമ്മിന്റെ കുടുംബത്തിന്റെയും ദിവ്യയുടെയും പ്രോസിക്യൂഷന്റെയും വാദം കേട്ട ശേഷം കേസ് വിധി പറയാനായി വെളളിയാഴ്ചയിലേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു.
ദിവ്യയുടെ അഭിഭാഷകന്‍ എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ചാണ് വാദിച്ചത്. ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ.കെ.വിശ്വന്‍ കോടതിയില്‍ ആവശ്യപ്പെട്ടത് പ്രശാന്തന്‍ സഹകരണ ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ അഞ്ചാം തീയ്യതി സ്വര്‍ണ വായ്പയെടുത്തതും ആറാം തീയ്യതി എഡിഎമ്മും പ്രശാന്തും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായതും സാഹചര്യ തെളിവായി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ്.
ഫോണ്‍ വിളിച്ചാല്‍ കൈക്കൂലി വാങ്ങിയെന്നാകുമോയെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുവാദത്തില്‍ ചോദ്യം.പ്രശാന്തന്‍ബാങ്കില്‍ നിന്ന് വായ്പയെടുത്തത് കൈക്കൂലി നല്‍കാനാണെന്ന് പറയാന്‍ തെളിവെന്താണ്? പ്രശാന്തന്റെ ആരോപണം മാത്രമാണ് കൈക്കൂലി നല്‍കിയെന്നത്. നവീന്‍ ബാബു തന്റെ 19ാം വയസിലാണ് സര്‍വീസില്‍ പ്രവേശിച്ചത്. ഇതുവരെ കൈക്കൂലി ആരോപണങ്ങള്‍ ഉണ്ടായിട്ടേയില്ല. ആരോപണം ഉയര്‍ന്ന കണ്ണൂരിലെ ഫയലില്‍ ഒരു കാലതാമസവും ഉണ്ടായിട്ടില്ല. ഗംഗാധരനും പറഞ്ഞത് എഡിഎം പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ്.