വഖഫ് നിയമത്തിന്റെ ആശങ്കകള്‍ തുറന്നു കാട്ടുന്ന വിധി : കെ സി വേണുഗോപാല്‍

Jaihind News Bureau
Thursday, April 17, 2025

2025 ലെ വഖഫ് ഭേദഗതി നിയമത്തെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍, പാര്‍ലമെന്റിനകത്തും പുറത്തും ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ച ആശങ്കകളെ തുറന്ന ചര്‍ച്ചകളിലേയ്ക്ക് കൊണ്ടുവന്നതായി കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. തിടുക്കത്തില്‍ നടപ്പിലാക്കിയ ഈ നിയമനിര്‍മ്മാണത്തെ ചുറ്റിപ്പറ്റിയുള്ള ആശങ്കകള്‍ ജനങ്ങള്‍ക്കിടയില്‍ തുറന്നു കാ്ട്ടപ്പെട്ടു. ജെപിസി ചര്‍ച്ചകളിലോ പാര്‍ലമെന്റില്‍ ദിവസം മുഴുവന്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് ശേഷമോ വേണ്ടത്ര പരിഹരിക്കപ്പെടാത്ത ആശങ്കകള്‍ വിശാലമായ ഒരു ചര്‍ച്ചയ്ക്ക് ഇടം തുറന്നുകൊടുത്തതായും അദ്ദേഹം പറഞ്ഞു.

കോടതി ചൂണ്ടിക്കാണിച്ച പരാമര്‍ശങ്ങള്‍ നിയമത്തിന്റെ മൗലികാവകാശ ലംഘനത്തെക്കുറിച്ച് ഗുരുതരമായ ഭരണഘടനാ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. നിയമത്തിലെ ഭിന്നിപ്പിക്കുന്ന അന്തര്‍ധാരകളെ തുറന്നുകാട്ടുകയും ചെയ്യുന്നു. ഇന്ത്യ എന്ന ആശയം – എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും, ബഹുസ്വരവും, നീതിയുക്തവുമായത് – സംരക്ഷിക്കാനുള്ള പോരാട്ടം കോടതികളിലും തുടരുമെന്നും കെ സി വേണുഗോപാല്‍ എം പി പറഞ്ഞു.