ഇടതുമുന്നണിയില്‍ തലവേദനയായി വീണാ ജോര്‍ജ്-ചിറ്റയം പോര്; ഇരുവരും പരാതി നല്‍കി

Jaihind Webdesk
Saturday, May 14, 2022

തിരുവനന്തപുരം: ഇടതുമുന്നണിക്ക് തലവേദനയായി ആരോഗ്യ മന്ത്രി വീണാ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോര് മുറുകുന്നു. പരസ്യമായി വിമർശിച്ച ചിറ്റയം ഗോപകുമാറിന് ഗൂഢ ലക്ഷ്യങ്ങളാണെന്ന് ആരോപിച്ച് വീണാ ജോർജ് എൽഡിഎഫിൽ പരാതി നൽകി. ചിറ്റയം ഗോപകുമാറും മന്ത്രിക്കെതിരെ പരാതി നല്‍കി. അതേസമയം മന്ത്രിയെ ന്യായീകരിച്ച് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി രംഗത്തെത്തി.

ജില്ലയിൽ സിപിഐ-സിപിഎം പോര് മുറുകുന്നതിനിടെ ആണ് മന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ഡെപ്യൂട്ടി സ്പീക്കർ രംഗത്തുവന്നത്. ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് വിളിച്ചാല്‍ ഫോണെടുക്കില്ല, പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎല്‍എമാരെ ഏകോപിപ്പിക്കുന്നതില്‍ പരാജയമാണെന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ ആരോപണം. ജില്ലയില്‍ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കാത്ത സാഹചര്യത്തിലായിരുന്നു
ഗുരുതര അവഗണന എന്ന ചിറ്റയത്തിന്‍റെ പരസ്യ വിമര്‍ശനം. വിമര്‍ശനം ആരോഗ്യമന്ത്രിക്ക് നാണക്കേട് ഉണ്ടാക്കിയതിനെ തുടർന്ന് ചിറ്റയത്തിന് ഗൂഢ ലക്ഷ്യമുണ്ടെന്ന് കാട്ടി എല്‍ഡിഎഫില്‍ മന്ത്രി പരാതി നല്‍കി.

അതേസമയം വീണാ ജോര്‍ജിനെതിരെ ഉള്ള ആരോപണങ്ങള്‍ ആദ്യമല്ല. കായംകുളം എംഎല്‍എ യു പ്രതിഭ അടക്കമുള്ളവര്‍ വിളിച്ചാല്‍ ഫോണെടുക്കില്ല എന്ന ആരോപണം പേര് പറയാതെ മുമ്പ് ഉന്നയിച്ചിട്ടുള്ളതാണ്. പത്തനംതിട്ടയിൽ നിന്നുള്ള മുൻ സംസ്ഥാന കമ്മിറ്റി അംഗംവരെ പരാതി നൽകിയവരുടെ പട്ടികയിലുണ്ട്. അതേസമയം ആരോഗ്യമന്ത്രിക്ക് സിപിഎം ജില്ലാ നേതൃത്വം പിന്തുണ അറിയിച്ചു. മന്ത്രിയുടെ പരാതി സ്വീകരിച്ച എൽഡിഎഫ് വിഷയം ഉടൻ ചർച്ചയ്ക്കെടുക്കുമെന്നാണ് സൂചന. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ പരസ്യമായ ആരോപണ പ്രത്യാരോപണങ്ങൾ ഒഴിവാക്കണമെന്നാണ് ഔദ്യോഗിക നിര്‍ദേശം.