ബി.ജെ.പിയുടെ ആ നുണയും പൊളിഞ്ഞു; ആത്മഹത്യക്ക് അയ്യപ്പനുമായി ബന്ധമില്ല; വേണുഗോപാലന്‍ നായരുടെ മൊഴി പുറത്ത്

Jaihind Webdesk
Friday, December 14, 2018

തിരുവനന്തപുരം: ബി.ജെ.പി ‘ബലിദാനി’ പരിവേഷം നല്‍കി ഹര്‍ത്താല്‍ പ്രഖ്യാപിച്ച വേണുഗോപാലന്‍ നായരുടെ മരണ മൊഴി പുറത്ത്. മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് പ്രചരിക്കുന്നത്. സമൂഹത്തോട് എനിക്ക് വെറുപ്പാണെന്ന് മരണമൊഴിയില്‍ വേണുഗോപാലന്‍ നായര്‍ പറയുന്നു. അതിനാലാണ് പെട്രോളൊഴിച്ചത് സ്വയം തീകൊളുത്തിയത്.
ബി.ജെ.പി കഴിഞ്ഞദിവസം മുതല്‍ പറയുന്ന വാദങ്ങള്‍ തള്ളിക്കളയുന്നതാണ് മരണമൊഴിയിലെ കാര്യങ്ങള്‍. മരിച്ച വേണുഗോപാലന്‍ നായരുടെ സഹോദരനും മൊഴി നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ബി.ജെ.പി സമരമോ ശബരിമലയോ മൊഴിയില്‍ പരാമര്‍ശിച്ചിട്ടില്ല.

മുട്ടട സ്വദേശിയായ വേണുഗോപാലന്‍ നായര്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം സി.കെ.പത്മനാഭന്‍ നിരാഹാരം കിടക്കുന്ന സമരപന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ വൈകിട്ട് നാലോടെയാണ് മരണം സ്ഥിരീകരിച്ചത്. അയ്യപ്പഭക്തരോടുള്ള സര്‍ക്കാരിന്റെ സമീപനത്തിന്റെ ഇരയാണ് വേണുഗോപാലന്‍ നായരെന്ന് ആരോപിച്ചാണ് വിഷയം ബി.ജെ.പി രാഷ്ട്രീയമായി ഏറ്റെടുത്തത്.

എന്നാല്‍ ബി.ജെ.പിയുടെ ആരോപണത്തെ തള്ളിക്കളയുന്നതായിരുന്നു പൊലീസ് പുറത്തുവിട്ട വേണുഗോപാലന്‍നായരുടെ മരണമൊഴി. കുറേ നാളായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും അതിനാലാണ് സ്വയം അവസാനിപ്പിച്ചതെന്നും മജിസ്‌ട്രേറ്റിനും ഡോക്ടറിനും നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. ശബരിമലയെപ്പറ്റി പരാമര്‍ശമില്ലെന്നും പൊലീസ് പറഞ്ഞു.
രണ്ടാം വിവാഹവും തകര്‍ന്ന വേണുഗോപാല്‍ വീടുമായി ഒതുങ്ങിക്കഴിയുകയായിരുന്നു. ഇയാള്‍ക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ലെന്നുള്ള കാര്യം കഴിഞ്ഞദിവസം തന്നെ പുറത്തുവന്നിരുന്നു.