
തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികിത്സ തേടിയെത്തിയ ഓട്ടോ ഡ്രൈവര്‍ വേണു മരിച്ച സംഭവത്തില്‍,പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ നീളുന്ന ഗുരുതരമായ വീഴ്ചകള്‍ നടന്നുവെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. അടിയന്തര ചികിത്സ നല്‍കിയിരുന്നെങ്കില്‍ വേണുവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
ആദ്യം പ്രവേശിപ്പിച്ച ചവറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വേണുവിന് ഹൃദയാഘാതമാണെന്ന് തിരിച്ചറിയാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. കൊല്ലം ജില്ലാ ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചെങ്കിലും അവിടെയും വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ല. കൊല്ലം ജില്ലാ ആശുപത്രിയിലെ കാത്തുലാബ് മുഴുവന്‍ സമയം പ്രവര്‍ത്തിക്കാതിരുന്നതും കാര്‍ഡിയോളജി വിഭാഗത്തിലെ ജീവനക്കാരുടെ കുറവും തിരിച്ചടിയായി. ആന്‍ജിയോഗ്രാം ചെയ്യാനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച രോഗിയെ അടിയന്തരമായി ഐ.സി.യുവില്‍ പ്രവേശിപ്പിക്കുന്നതിന് പകരം സാധാരണ വാര്‍ഡിലാണ് കിടത്തിയത്. ആന്‍ജിയോഗ്രാമിനായി ഒരാഴ്ചയോളം കാത്തിരിക്കേണ്ടി വന്നതും അനാസ്ഥയായി സമിതി നിരീക്ഷിച്ചു. ചികിത്സയുടെ ഒരു ഘട്ടത്തിലും കൃത്യമായ മരുന്നുകള്‍ നല്‍കിയില്ലെന്ന വേണുവിന്റെ കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് റിപ്പോര്‍ട്ടിലെ സൂചനകള്‍.
മരണത്തിന് തൊട്ടുമുമ്പ് സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തില്‍ തനിക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന വിവരം വേണു പങ്കുവെച്ചിരുന്നു. ‘എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ആശുപത്രിയാണ്’ എന്ന വേണുവിന്റെ വാക്കുകള്‍ കേരള മനസാക്ഷിയെ ഉലച്ചിരുന്നു. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ദിവസം തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു. വീഴ്ചകള്‍ കൃത്യമായി ബോധ്യപ്പെട്ടിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നില്ല എന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. രോഗികളോടും കൂട്ടിരിപ്പുകാരോടും മാന്യമായി പെരുമാറണമെന്ന ഉപദേശത്തില്‍ റിപ്പോര്‍ട്ട് ഒതുങ്ങുകയാണ്. ആരോഗ്യവകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടലിനായി കാത്തിരിക്കുകയാണ് വേണുവിന്റെ കുടുംബം.