
എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. ബിനോയ് വിശ്വത്തെ ‘ചതിയൻ ചന്തു’ എന്ന് വിളിച്ച പരാമർശത്തിൽ താൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ബിനോയ് വിശ്വത്തിന്റെ കാറിൽ കയറേണ്ട ഗതികേട് തനിക്കില്ലെന്നും, എം.എൻ. ഗോവിന്ദനെപ്പോലുള്ളവർ തന്റെ കാറിൽ യാത്ര ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. സി.പി.ഐ നേതാക്കൾ തന്റെ കയ്യിൽ നിന്നും മുൻപ് പണം വാങ്ങിയ കാര്യം ഓർക്കണമെന്നും, അന്ന് അവർ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ പുറത്തുവിടുന്നില്ലെന്നും വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു.
വെള്ളാപ്പള്ളിയുടെ ആരോപണങ്ങൾക്ക് ശക്തമായ ഭാഷയിലാണ് ബിനോയ് വിശ്വം മറുപടി നൽകിയത്. സി.പി.ഐക്കാർ തെറ്റായ വഴിയിലൂടെ ഒരു രൂപ പോലും വാങ്ങില്ലെന്നും, തിരഞ്ഞെടുപ്പ് ഫണ്ട് വാങ്ങുന്നത് സുതാര്യമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി പദം വലിയ മഹാൻമാർ ഇരുന്ന കസേരയാണെന്ന് വെള്ളാപ്പള്ളി ഓർക്കണം. എൽ.ഡി.എഫിന് മാർക്കിടാൻ വെള്ളാപ്പള്ളിയെ ആരും ഏൽപ്പിച്ചിട്ടില്ലെന്നും, അദ്ദേഹം മുന്നണിയുടെ വക്താവല്ലെന്നും ബിനോയ് വിശ്വം തുറന്നടിച്ചു. പിണറായി വിജയൻ പറയുന്ന നിലപാടുകൾ അദ്ദേഹത്തിന്റേതാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.