സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; സർക്കാർ ഏജൻസികൾ നോക്കു കുത്തിയായി നിൽക്കുകയാണ്

Jaihind News Bureau
Wednesday, December 4, 2019

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. എന്നാൽ വിപണിയിൽ ദിനം പ്രതി വില കയറുമ്പോഴും സർക്കാർ ഏജൻസികൾ നോക്കു കുത്തിയായി നിൽക്കുകയാണ്.

പച്ചക്കറി കൂട്ടത്തിൽ ഇപ്പോൾ മുരിങ്ങക്കായ ആണ് രാജാവ്. വില നാൽപതിൽ നിന്ന് മുന്നൂറിലെത്തി. കറിക്ക് രുചിയൽപ്പം കൂടാൻ മീതേ മല്ലിയില തൂവുന്നവർ ഇനിയൊന്ന് മടിക്കും. കിലോക്ക് 150 രൂപ കൊടുക്കണം. ചെറിയ ഉള്ളിയുടെയും സവാളയുടെയും കാര്യം പിന്നെ പറയേണ്ടല്ലോ. 135 ഉം 145 ഉം കടന്ന് വില കുതിക്കുകയാണ്. കിലോക്ക് 30 രൂപയുണ്ടായിരുന്ന കാരറ്റ് 65 ൽ എത്തി. തക്കാളി 35 ഉം കടന്ന് പോകുന്നു. ബീൻസ് നാൽപ്പതിന് മുകളിൽ എത്തി.

കേരളത്തിൽ കൂടുതലായി കൃഷി ചെയ്യുന്ന പയർ, മത്തൻ, ചേന, ചേമ്പ് ഇനങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ വിലയും കൂടി.
മഴക്കെടുതികളിൽ കൃഷി നശിച്ചതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞു. പ്രളയത്തിന് ശേഷം കേരളത്തിലെ പച്ചക്കറി കർഷകരും കൃഷിയിൽ നിന്ന് പിൻവലിഞ്ഞു. കൈത്താങ്ങാകേണ്ട സർക്കാർ സംവിധാനങ്ങൾ കൈ കുടഞ്ഞ് കടന്ന് പോകുമ്പോൾ സാധാരക്കാരൻ പൊറുതി മുട്ടുകയാണ് .

നോമ്പ് കാലവും മണ്ഡല കാലവും പച്ചക്കറികളുടെ ആവശ്യകത വർധിപ്പിച്ചിട്ടുണ്ട്. പൊള്ളുന്ന വിപണിയിൽ ആശ്വാസമേകാൻ സപ്ലെകോ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചേ മതിയാകൂ.