‘ഇതൊക്കെ ഞാനാണ് ചെയ്തതെങ്കില്‍ എന്‍റെ വീട് അടിച്ചുതകർക്കില്ലേ സഖാക്കളേ ? ‘ ; പിണറായിക്കെതിരെ വീണ എസ് നായര്‍

Jaihind Webdesk
Thursday, April 15, 2021

 

തിരുവനന്തപുരം :  മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന വാര്‍ത്തകള്‍ക്കുപിന്നാലെ പിണറായിയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായര്‍. ‘എനിക്ക് ഏപ്രിൽ നാലിന് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്ന് സങ്കൽപ്പിക്കുക. ഏപ്രിൽ നാലിന് ഞാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നു എന്ന് സങ്കൽപ്പിക്കുക. ഏപ്രിൽ ആറിന് ജനങ്ങൾക്ക് ഇടയിൽ ക്യു നിന്ന് വോട്ട് ചെയ്തു എന്ന് സങ്കല്പിക്കുക. രോഗബാധിതയായി 10 ദിവസം കഴിഞ്ഞ ശേഷം കോവിഡ് ടെസ്റ്റ്‌ നടത്തണമെന്ന പ്രോട്ടക്കോളും കാറ്റിൽ പറത്തി എന്ന് സങ്കൽപ്പിക്കുക.
നിങ്ങൾ എന്റെ വീട് അടിച്ചു തകർക്കുകയില്ലായിരുന്നോ സഖാക്കളേ ?’- വീണ എസ് നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ഈ മാസം നാലുമുതല്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് മുഖ്യമന്ത്രി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ആരോപണം ശക്തമായത്. നാലാം തീയതിക്കുശേഷം മുഖ്യമന്ത്രി പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയും ആള്‍ക്കൂട്ടത്തിനൊപ്പം വോട്ടുചെയ്യാനെത്തുകയും ചെയ്തിരുന്നു.

കുടുംബാംഗങ്ങള്‍ കോവിഡ് ബാധിതരായതിനെ തുടര്‍ന്നാണ് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഈ മാസം എട്ടിന് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അന്നു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍, വിശദമായി പരിശോധനയില്‍ ഈ മാസം നാലു മുതല്‍ രോഗലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കിയിരുന്നു.

ലക്ഷണങ്ങളുള്ള രോഗികളെ പത്തു ദിവസത്തിനു ശേഷം വീണ്ടും രോഗ മുക്തമായോ എന്ന് ടെസ്റ്റ് ചെയ്യണമെന്നാണു പ്രോട്ടോക്കോള്‍. മുഖ്യമന്ത്രിക്ക് ഈ മാസം നാലിന് രോഗലക്ഷണങ്ങള്‍ വന്നത് കണക്കാക്കിയാണ് പത്തു ദിവസത്തിനു ശേഷം ഇന്നലെ വീണ്ടും പരിശോധന നടത്തിയത്. നെഗറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രി വിടുകയും ചെയ്തു. നാലിനു രോഗ ലക്ഷണങ്ങള്‍ കാണിച്ച മുഖ്യമന്ത്രി ടെസ്റ്റ് നടത്തുന്നത് വരെയുള്ള നാലു ദിവസം നിരവധി പൊതു പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ കാണിച്ചിട്ടും ടെസ്റ്റ് നടത്താന്‍ എട്ടുവരെ കാത്തിരുന്നു എന്നും ആരോപണങ്ങള്‍ ഉയരുന്നു.