കെ റെയിൽ സിൽവർലൈൻ പദ്ധതി ജനവിരുദ്ധം ; മുല്ലപ്പെരിയാറിൽ മുഖ്യമന്ത്രിക്ക് മൗനം : പ്രതിപക്ഷ നേതാവ്

കോഴിക്കോട്: കേരള റെയിൽ ഡെവലപ്മെന്‍റ്  കോർപറേഷൻ  നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതി  ജനവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ . പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. കേരളം വൻ കടക്കെണിയിലേക്ക് പോകുന്ന സാഹചര്യമാണുള്ളത്. അതിനാൽ സിൽവർലൈൻ പദ്ധതിയെ എതിർക്കുക തന്നെ ചെയ്യുമെന്നും സതീശൻ പ്രഖ്യാപിച്ചു.

കോഴിക്കോട് യുഡിഎഫ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് കെ റെയിൽ പദ്ധതിയിലെ നിലപാട് അസന്നിഗ്ധമായി പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചത്. മുല്ലപ്പെരിയാർ വിഷയത്തിലും സതീശൻ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു. മുല്ലപ്പെരിയാറിലെ മരംമുറി വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം കുറ്റ സമ്മതം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറിൽ സ‍ർക്കാർ ജന താൽപര്യങ്ങൾക്ക് എതിരാണ് നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് ഉപേക്ഷിച്ച പദ്ധതി ആണ് സിൽവർ ലൈൻ എന്ന പേരിൽ എൽഡിഎഫ് പൊടി തട്ടി എടുക്കുന്നതെന്ന് യുഡിഎഫ് പ്രതിനിധി സമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കാസർകോട് നിന്ന് 4 മണിക്കൂർ കൊണ്ട് തലസ്ഥാനം എത്തിയിട്ട് എന്താണ് കാര്യമെന്നും ആർക്കാണ് പ്രയോജനമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. സർക്കാരിനെ തിരിച്ച് വിളിക്കാൻ ജനങ്ങൾക്ക് അധികാരം ഉണ്ടെങ്കിൽ ഇതിനകം അത് നടപ്പായെനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Comments (0)
Add Comment