ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപം ; മുന്‍പ് ഉണ്ടാക്കിയ കലാപങ്ങള്‍ക്ക് സിപിഎം മാപ്പ് പറയണം: പ്രതിപക്ഷ നേതാവ്

Thursday, March 3, 2022

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപത്തില്‍  തീരുമാനം എടുക്കുന്നതിന് മുന്‍പ് സി.പി.എം കേരളീയ സമൂഹത്തോട് പൊതുമാപ്പ് പറയണമെന്ന് പ്രതിപക്ഷ  നേതാവ് വിഡി സതീശന്‍. യുഡിഎഫ് ഭരണകാലത്ത് എഡിബി ഉദ്യോഗസ്ഥരുടെ മേല്‍ കരി ഓയില്‍ ഒഴിച്ചതിനും സ്വകാര്യമേഖലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ തീരുമനിച്ചപ്പോള്‍ എസ്എഫ്ഐ ക്കാരെ വിട്ട് മുന്‍ അംബാസിഡര്‍ ടിപി ശ്രീനിവാസന്‍റെ കരണത്ത് അടിച്ചതിനുമാണ് സിപിഎം മാപ്പ് പറയേണ്ടത്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയപ്പോള്‍ കണ്ണൂരില്‍ കലാപ സമാനമായ അന്തരീക്ഷമുണ്ടാക്കി വെടിവയ്പ്പുണ്ടാക്കി സഖാക്കല്‍ കൊല്ലപ്പെട്ടതിനും മാപ്പ് പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

പഴയ നിലപാട് മാറ്റിയത് നല്ലതാണ്. വൈകി മാത്രമെ സിപിഎമ്മിന് വിവേകം ഉദിക്കൂവെന്നതിന്‍റെ അവസാന ഉദാഹരണമാണിത്. 1.5 ശതമാനം പലിശയ്ക്ക് വിദേശ വായ്പ വാങ്ങിയാണ് കൊച്ചി മെട്രോ യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. വിദേശ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ രംഗത്ത് അദ്ഭുതകരമായ മാറ്റങ്ങള്‍ നടപ്പാക്കാന്‍ യുഡിഎഫ് ശ്രമിച്ചപ്പോള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്ന ടി.പി ശ്രീനിവാസനെ കരണത്തടിച്ച് അപമാനിച്ചവര്‍ ഇന്ന് തെറ്റ് തിരുത്തുകയാണ്.

തെറ്റ് തിരുത്തുമ്പോള്‍ പഴയകാല കാര്യങ്ങള്‍ കൂടി ഒര്‍ത്ത് അതിന് മാപ്പ് പറയണം. ഇപ്പോള്‍ നടത്തുന്ന മാറ്റങ്ങളെല്ലാം വലതുപക്ഷ തീരുമാനങ്ങളെന്നാണ് നേരത്തെ അവര്‍ പറഞ്ഞിരുന്നത്. ഇത് സിപിഎമ്മിന്‍റെ വലതു പക്ഷത്തേക്കുള്ള നിലപാട് മാറ്റം കൂടിയാണോയെന്ന് ഈ രേഖ അവതരിപ്പിക്കുന്ന പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.  നിബന്ധനകളോടെ വിദേശ വായ്പ സ്വീകരിക്കാമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം സ്വീകരിക്കാമെന്നുമുള്ള സിപിഎമ്മിന്‍റെ വികസന രേഖയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം